മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും റോഡിലൂടെ നഗ്നരാക്കി നടത്തിക്കുകയും ചെയ്‌ത സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇതില്‍ പ്രതികരിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡ് താരങ്ങളില്‍ അക്ഷയ് കുമാറാണ് (Akshay Kumar) വിഷയത്തില്‍ ആദ്യം പ്രതികരിച്ചത്.
ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, കരീന കപൂർ, ഉർഫി ജാവേദ് തുടങ്ങിയവരും വിഷയത്തില്‍ നിലപാട് അറിയിച്ചിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു പ്രിയങ്കയുടെ (Priyanka Chopra) പ്രതികരണം. സംഭവത്തില്‍ നടപടി എടുക്കാന്‍ 77 ദിവസം വേണ്ടിവന്നു എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.
'ആക്രമണത്തില്‍ നടപടി എടുക്കാന്‍ 77 ദിവസം വേണ്ടിവന്നു. അതിന് ഒരു വീഡിയോ വൈറലാകേണ്ടി വന്നു. ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനം ഇല്ല. സ്‌ത്രീകളെ കരുവാക്കുന്ന നടപടി അനുവദിക്കാനാകില്ല. നീതിക്കായി കൂട്ടായി ശബ്‌ദം ഉയര്‍ത്തണം' - പ്രിയങ്ക ചോപ്ര ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.
ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് കരീന കപൂറിന്‍റെ പ്രതികരണം. മണിപ്പൂരിലെ സ്ഥിതിഗതികളിൽ അങ്ങേയറ്റം അസ്വസ്ഥയാണെന്ന് നടി എഴുതി.
മണിപ്പൂര്‍ കൂട്ട ബലാത്സംഗത്തില്‍ പ്രതികരിച്ച് താരങ്ങള്‍ കുക്കി, മണിപ്പൂര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ഉര്‍ഫി ജാവേദിന്‍റെ വീഡിയോയും പുറത്തുവന്നു. നേരത്തെ അക്ഷയ് കുമാർ, കിയാര അദ്വാനി, ഏക്‌ത കപൂർ, റിച്ച ഛദ്ദ തുടങ്ങിയവരും വിഷയത്തില്‍ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
Also Read:'വെറുപ്പ് തോന്നുന്നു' ; മണിപ്പൂരില്‍ സ്‌ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് അക്ഷയ് കുമാര്‍
2023 മെയിലാണ് മണിപ്പൂരിൽ ഒരു കൂട്ടം പുരുഷന്മാർ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തി നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത്. സംഭവത്തിന്‍റെ വീഡിയോ മണിപ്പൂരില്‍ വന്‍ പ്രകോപനം സൃഷ്‌ടിച്ചിരുന്നു. സംഭവത്തിലുള്‍പ്പെട്ട ചിലരെ പൊലീസ് അറസ്റ്റ് ചെയ്‌തതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് N Biren Singh അറിയിച്ചിരുന്നു. 'എല്ലാ മനുഷ്യരും ഈ പ്രവര്‍ത്തിയെ അപലപിക്കും. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ ശ്രമിക്കും' - മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
കേസിൽ നാല് പ്രധാന പ്രതികൾ അറസ്‌റ്റില്‍ :തട്ടിക്കൊണ്ടുപോകല്‍ കൂട്ടബലാത്സംഗം എന്നീ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നാല് പ്രതികളെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്തിരിക്കുന്നത്. മണിപ്പൂര്‍ പൊലീസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ലജ്ജാകരമെന്ന് മോദി :വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. 'മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതാണ്. ലജ്ജാകരമായ സംഭവമാണിത്. കുറ്റക്കാരെ വെറുതെ വിടില്ല. ദേഷ്യത്തിലും വേദനയിലും എന്‍റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു' - നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.