ന്യൂഡല്‍ഹി:ബിൽക്കിസ് ബാനു ബലാത്സംഗ കേസില്‍ ഇനിയും മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേസില്‍ പ്രതികളുടെ ഇളവ് ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സുപ്രീം കോടതി, ഗുജറാത്ത് സർക്കാരിനോട് പ്രതികരണം തേടി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിഷയത്തിൽ ഇടപെടാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ട്വിറ്ററിൽ ആഞ്ഞടിച്ചു. 'ബലാത്സംഗ കേസിലെ 11 കുറ്റവാളികളെയും മോചിപ്പിച്ച നടപടിയിലും അവരെ അഭിനന്ദിച്ചതിലും മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്.
എന്നാല്‍ രാജ്യത്തെ സ്‌ത്രീകൾക്ക് ഭരണഘടനയിൽ പ്രതീക്ഷയുണ്ട്. നീതിക്കുവേണ്ടി പോരാടാൻ നിലകൊള്ളുന്ന അവസാനത്തെ സ്‌ത്രീക്കും ധൈര്യം പകർന്നുനൽകാൻ ഭരണഘടനയ്‌ക്ക് അധികാരമുണ്ട്', പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും ബില്‍ക്കിസ് ബാനുവിന് നീതി ആവശ്യപ്പെട്ടു കൊണ്ട് ട്വീറ്റ് ചെയ്‌തു.
'ബേട്ടി ബച്ചാവോ' പോലുള്ള പൊള്ളയായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർ ബലാത്സംഗ കേസിലെ പ്രതികളെ രക്ഷിക്കുകയാണ്. രാജ്യത്തെ സ്‌ത്രീകളുടെ ബഹുമാനത്തെയും അർഹതയെയും കുറിച്ചാണ് ഇന്ന് ചോദ്യം. ബിൽക്കിസ് ബാനുവിന് നീതി നൽകൂ', രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവുകാരായ 11 പേർക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനോടും ഗുജറാത്ത് സർക്കാരിനോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയതിന് പിന്നാലെയാണ് ട്വീറ്റുകൾ.
സുപ്രീം കോടതി ഇടപെടല്‍:കേസിൽ ഇളവ് ലഭിച്ചവരെ കക്ഷികളായി ഉൾപ്പെടുത്താൻ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരോട് ഉത്തരവിടുകയും വിഷയം രണ്ടാഴ്‌ചയ്‌ക്ക് ശേഷം വാദം കേൾക്കാൻ മാറ്റുകയും ചെയ്‌തു. ബിൽക്കിസ് ബാനു കേസിലെ 11 കുറ്റവാളികളെ ഓഗസ്റ്റ് 15 ന് മോചിപ്പിച്ചത് രാജ്യത്തുടനീളം വലിയ ചർച്ചയായിരുന്നു.