മുംബൈ:ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്‌കോയിന്‍ അടക്കമുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ നിരോധിച്ചില്ലെങ്കില്‍ ലോകത്തിലെ അടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത് അവയില്‍ നിന്നായിരിക്കുമെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ ശക്തികാന്ത ദാസ് പറഞ്ഞു. ധനകാര്യ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണ് ക്രിപ്റ്റോ കറന്‍സികള്‍ സൃഷ്‌ടിക്കുന്നത്.
സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെ മൂല്യം 190 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍ നിന്ന് 140 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ചുരുങ്ങി. ക്രിപ്റ്റോകറന്‍സികളുടെ മൂല്യം പൂര്‍ണമായും ഊഹക്കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. അന്തര്‍ലീനമായ മൂല്യത്തിന്‍റെ(underlying value) അടിസ്ഥാനത്തിലല്ല ക്രിപ്റ്റോകറന്‍സികള്‍ക്ക് വിപണിയില്‍ വില നിശ്ചയിക്കപ്പെടുന്നത്. പല രാജ്യങ്ങളും പല നയങ്ങളാണ് ക്രിപ്റ്റോകറന്‍സികളുടെ കാര്യത്തില്‍ എടുക്കുന്നത്.