പ്രഖ്യാപനം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ലൂസിഫറി'ന്‍റെ (Lucifer) രണ്ടാം ഭാഗമായ 'L2 എമ്പുരാന്‍' (L2 Empuraan). ബിഗ് ബജറ്റിലൊരുങ്ങുന്ന 'എമ്പുരാന്‍റെ' അപ്‌ഡേറ്റുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'എമ്പുരാനെ' കുറിച്ചുള്ള ഒരു വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ (Prithviraj On Empuraan Promo).
'എമ്പുരാന്' വേണ്ടി പ്രമോ ഷൂട്ട് ഒരുങ്ങുന്നതായി അടുത്തിടെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയോടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്. 'എമ്പുരാന്' വേണ്ടി പ്രമോ ഷൂട്ടിന് ഇപ്പോള്‍ പദ്ധതി ഇടുന്നില്ലെന്ന് താരം വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.
'ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല. എന്നാല്‍ എമ്പുരാന് പ്രമോയോ പ്രമോ ഷൂട്ടോ ഉണ്ടാകില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും സിനിമയുടെ ചിത്രീകരണ തീയതിയും പ്രൊജക്‌ടിന്‍റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്' - പൃഥ്വിരാജ് കുറിച്ചു.
Also Read:'ഖുറേഷി മൊറോക്കോയില്‍', കറുപ്പില്‍ തിളങ്ങി മോഹന്‍ലാല്‍; ചിത്രവുമായി ആന്‍റണി പെരുമ്പാവൂര്‍
പൃഥ്വിരാജ് സംവിധാനം ചെയ്‌ത് സൂപ്പര്‍ ഹിറ്റായി മാറിയ 'ലൂസിഫര്‍' മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. സിനിമയുടെ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിന് പദ്ധതിയിടുകയായിരുന്നു സംവിധായകന്‍ പൃഥ്വിരാജും കൂട്ടരും. ആദ്യ ഭാഗത്തിലേതുപോലെ തന്നെ മോഹന്‍ലാല്‍ നായകനായി എത്തുമ്പോള്‍ മുരളി ഗോപി കഥയും തിരക്കഥയും ഒരുക്കും.
എന്നാല്‍ 'എമ്പുരാനില്‍' മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും വേഷമിടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം 'ലൂസിഫറി'ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും 'എമ്പുരാനില്‍' അണിനിരക്കും.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മാണം. 'കാന്താര', 'കെജിഎഫ്' തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസും 'എമ്പുരാന്‍റെ' സഹ നിര്‍മാതാക്കളായി എത്തും. ഇതോടെ പാന്‍ വേള്‍ഡ് സിനിമയായി 'എമ്പുരാന്‍' മാറും എന്നാണ് പ്രതീക്ഷകള്‍.
Also Read:എമ്പുരാനായി പൃഥ്വിരാജിന്‍റെ ലൊക്കേഷന്‍ ഹണ്ടിങ്; യുകെയില്‍ നിന്നുള്ള ചിത്രം പങ്കിട്ട് താരം
തമിഴ്‌നാട്, ഉത്തരേന്ത്യ, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാകും സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ഒരു മലയാള സിനിമ എന്ന നിലയില്‍ മാത്രമല്ല 'എമ്പുരാന്‍' ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് 'എമ്പുരാനാ'യി അണിയറപ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
അതേസമയം 'വിലായത്ത് ബുദ്ധ' (Vilayath Budha) ആണ് പൃഥ്വിരാജിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പൃഥ്വിരാജിപ്പോള്‍ ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്.
ഇടുക്കിയിലെ മറയൂരില്‍ 'വിലായത്ത് ബുദ്ധ'യുടെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടെയാണ് പൃഥ്വിരാജിന്‍റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തെ കൊച്ചിയിലെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയും സിനിമയുടെ ചിത്രീകരണം താത്‌കാലികമായി നിര്‍ത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.
Also Read:കാട്ടിലെ രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറാമാന്‍ ആനപ്പുറത്ത് ; വിലായത്ത് ബുദ്ധയുടെ ലൊക്കേഷന്‍ വീഡിയോ പുറത്ത്
ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന ആക്ഷന്‍ സീക്വന്‍സുകളാണ് 'വിലായത്ത് ബുദ്ധ'യുടെ ഹൈലൈറ്റ്. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പ്രമേയമാക്കി മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ചന്ദനത്തടികള്‍ കടത്തുന്ന കള്ളക്കടത്തുകാരന്‍റെ വേഷമാണ് പൃഥ്വിരാജിന്.