പട്ന :ബിഹാറിലെ ലളിത് നാരായണ്‍ മിഥില സര്‍വകലാശാല അനുവദിച്ച ഹോള്‍ ടിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോകള്‍. വരാനിരിക്കുന്ന ബിഎ പരീക്ഷയ്ക്കുള്ള ഹോള്‍ ടിക്കറ്റുകളിലാണ് അമ്പരപ്പിക്കും വിധമുള്ള പിഴവുകള്‍ സംഭവിച്ചിട്ടുള്ളത്.
സ്വന്തം ഫോട്ടോകളുണ്ടാകേണ്ട ഭാഗത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെയുമൊക്കെ ഫോട്ടോകള്‍ വിദ്യാര്‍ഥികള്‍ക്ക് കാണാനായത്. ഹോള്‍ ടിക്കറ്റ് കോളജില്‍ നിന്നാണ് ലഭിച്ചതെന്നും നിരവധി വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചവയില്‍ ഇത്തരത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ആശങ്കയില്‍ വിദ്യാര്‍ഥികള്‍ :പരീക്ഷയ്ക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം. അതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് ഇവര്‍. നേരത്തെ 2019-2022 വര്‍ഷത്തെ ബിരുദ ഫലം പ്രഖ്യാപിച്ചപ്പോഴും ഇത്തരത്തില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
പിഴവുകള്‍ തുടര്‍ക്കഥ :ഇത് അപൂര്‍വ സംഭവമല്ലെന്നും മുന്‍പും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും തിരുത്താന്‍ സര്‍വകലാശാല നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹോള്‍ ടിക്കറ്റില്‍ തന്നെ പിഴവുകള്‍ സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും അത്തരം തെറ്റുകള്‍ തിരുത്താനും പരാതിപ്പെടാനും ഹെല്‍പ്പ് ഡെസ്ക് അനിവാര്യമാണെന്നും ബിഎ വിദ്യാര്‍ഥിനി അഞ്ജുലി കുമാരി പറഞ്ഞു.