കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച കേരളത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിച്ച എളിമയും അർപ്പണബോധവുമുള്ള നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇതുവരും മുഖ്യമന്ത്രിമാരായി സേവനമനുഷ്‌ഠിച്ച കാലങ്ങളിൽ ഉമ്മൻ ചാണ്ടിയുമായി പല പ്രാവശ്യം ആശയവിനിമയം നടത്തിയതായി ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മലയാളത്തിലായിരുന്നു മോദിയുടെ ഔദ്യോഗിക പേജിലുള്ള ട്വീറ്റ്.
പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും കേരളത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ചെയ്‌ത എളിമയും, അർപ്പണബോധമുള്ള നേതാവിനെയാണ് ശ്രീ ഉമ്മൻ ചാണ്ടി ജിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്‌ടമായത്. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്‌ഠിച്ചപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ള അദ്ദേഹവുമായുള്ള എന്‍റെ വിവിധ ആശയവിനിമയങ്ങൾ ഞാൻ പ്രത്യേകം ഓർക്കുന്നു. ദുഃഖത്തിന്‍റെ ഈ വേളയിൽ എന്‍റെ ചിന്തകൾ അദ്ദേഹത്തിന്‍റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു. -പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.
also read :CM Pinarayi Vijayan about Oommen Chandy| വിടപറഞ്ഞ് ജനനായകൻ: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
രണ്ട് തവണ കേരള മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നോതാവ് ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4.25 ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്തരിച്ചത്. 79 വയസായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാകുകയും ചിന്മയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുലർച്ചയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ജനനായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ത്യയിലെ നിരവധി രാഷ്‌ട്രീയ - സാംസ്‌കാരിക പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അവസാനിക്കുന്നത് കേരള രാഷ്‌ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്നും കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്ന് നിന്ന വ്യക്തിയുമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു.