ന്യൂഡൽഹി:കൊവിഡ് -19 മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പ്രോഗ്രാം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വീഡിയോ കോൺഫറൻസിങിലൂടെയാണ് ഉദ്ഘാടനം. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കുമെന്നും പിഎംഒയുടെ ഓഫീസ് വ്യക്തമാക്കി.
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം “കൊവിഡ് യോദ്ധാക്കളുടെ” നൈപുണ്യം ഉയർത്താനാണ് പരിപാടി ലക്ഷ്യമിടുന്നത്.
Read Also.........സംസ്ഥാനത്തിന് ആശ്വാസം; ടിപിആർ കുറയുന്നു, 12,469 പേർക്ക് കൂടി കൊവിഡ്
ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്ഡ് കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ ഉപകരണ സപ്പോർട്ട് എന്നിങ്ങനെ ആറ് റോളുകളിലാണ് പരിശീലനം നൽകുക. പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കേന്ദ്ര ഘടകത്തിന് കീഴിലുള്ള ഒരു പ്രത്യേക പദ്ധതിയായാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
276 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരെ ഈ പരിപാടിയിലൂടെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.