ന്യൂഡൽഹി: താഴെക്കിടയിൽ കഴിയുന്ന സാധാരണക്കാരിലും അസാധാരണ ജീവിതം നയിക്കുന്നവരും വിശിഷ്‌ട നേട്ടങ്ങൾ സാധിച്ചെടുത്തവരുമായ വ്യക്തികൾക്ക് പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്‍റെ ഭാഗമായി 'ജനകീയ പത്മ' പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ച് പ്രധാനമന്ത്രി.
'പീപ്പിൾസ് പത്മ'
താഴെത്തട്ടിൽ ജീവിക്കുന്നവർക്കിടയിലും നിരവധി പ്രതിഭാധനരായ വ്യക്തികൾ രാജ്യത്തുണ്ടെന്നും എന്നാൽ അവർ പലപ്പോഴും സമൂഹത്തിന്‍റെ മുൻനിരയിലേക്ക് എത്തപ്പെടാതെ പോകുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇത്തരം വ്യക്തികൾ നിങ്ങൾക്കിടയിലുണ്ടെങ്കിൽ അവരെ 'ജനകീയ പത്മ' പുരസ്‌കാരങ്ങൾക്കായി നാമനിർദേശം ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.'#PeoplesPadma' എന്ന ഹാഷ്‌ടാഗോട് കൂടിയാണ് പ്രധാനമന്ത്രി സന്ദേശം ട്വിറ്ററിൽ പങ്കുവച്ചത്.
പത്മ പുരസ്‌കാരങ്ങൾ ജനകീയമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. പത്മ പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദേശങ്ങൾ padmaawards.gov.inഎന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് സ്വീകരിക്കുന്നത്. പുരസ്‌കാരങ്ങൾ 2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാകും വിതരണം ചെയ്യുക.
രാജ്യത്തെ പരമോന്നത പുരസ്‌കാരം
പത്മ വിഭുഷൻ, പത്മഭൂഷൻ, പത്മശ്രീ എന്നീ പത്മ പുരസ്‌കാരങ്ങൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളാണ്. സമൂഹത്തിൽ വിശിഷ്‌ട പ്രവർത്തനങ്ങൾ നടത്തുന്നവരെയും എല്ലാ മേഖലകളിലെയും അസാധാരണമായ നേട്ടങ്ങളും സേവനങ്ങളും കാഴ്‌ചവയ്‌ക്കുന്നവരെയുമാണ് പ്രധാനമായും ഈ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുക. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും പത്മ പുരസ്‌കാരത്തിന് അർഹരാണ്.
ALSO READ: വിനയ് പ്രകാശ് ട്വിറ്ററിന്‍റെ പരാതി പരിഹാര ഉദ്യോഗസ്ഥൻ