ന്യൂഡല്‍ഹി: കൈത്തറി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താൻ ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ കൈത്തറി ദിനമാണ് വരുന്നത്. നമ്മുടെ ജീവിതത്തിൽ കൈത്തറി കൂടുതൽ പ്രചാരം നല്‍കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന് മോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖാദി വില്‍പനയില്‍ വൻ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. 2014 മുതല്‍ മൻ കി ബാതില്‍ നമ്മള്‍ ഖാദിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദേശീയ കൈത്തറി ദിനം ആചരിക്കുന്ന ചരിത്രപരമായ പശ്ചാത്തലമുണ്ട്. 1905ല്‍ സ്വദേശി ആന്ദോളൻ ആരംഭിച്ചത് ഈ ദിവസം തന്നെയാണ്.
പ്രധാനമന്ത്രിയുടെ വാക്കുകള്‍...
"സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഖാദിയെയും കുറിച്ച് പരാമർശിക്കുമ്പോൾ ഗാന്ധിജിയെ ഓർമിക്കുന്നത് സ്വാഭാവികമാണ്. ബാപ്പുവിന്‍റെ നേതൃത്വത്തില്‍ ഭാരത് ഛോടോ ആന്ദോളൻ എന്ന പോലെ ഓരോ പൗരനും ഭാരത് ജോഡോ ആന്ദോളനെയും നയിക്കണം.
നമ്മുടെ രാജ്യത്തെ ഗ്രാമീണ, ആദിവാസി മേഖലകളിൽ കൈത്തറി ഒരു പ്രധാന വരുമാന മാർഗമാണ്. ലക്ഷക്കണക്കിന് സ്ത്രീകൾ, നെയ്ത്തുകാർ, കരകൗശല വിദഗ്‌ധർ എന്നിവരടങ്ങുന്ന ഒരു മേഖലയാണിത്. രാഷ്ട്രനിർമാണത്തിനായി നമുക്കെല്ലാവര്‍ക്കും സംഭാവന ചെയ്യാൻ കഴിയും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയ ശ്രമങ്ങൾ പോലും നെയ്ത്തുകാര്‍ക്ക് പുതിയ പ്രതീക്ഷകൾക്ക് കാരണമാകും.
ഒരു ഖാദി ഉത്പന്നം നിങ്ങള്‍ വാങ്ങുമ്പോള്‍ അത് നമ്മുടെ പാവപ്പെട്ട നെയ്ത്തുകാരായ സഹോദരീ സഹോദരന്മാർക്ക് ഗുണം ചെയ്യും. അതുകൊണ്ടാണ് ഖാദി വാങ്ങുന്നത് ഒരു തരത്തിൽ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള സേവനമാകുന്നത്. ഗ്രാമീണ മേഖലയിൽ നിർമിക്കുന്ന കൈത്തറി ഉൽപന്നങ്ങൾ എല്ലാവരും വാങ്ങി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു".
Also Read: രാഹുലിന് മറുപടി; പ്രധാനമന്ത്രി അടക്കമുള്ളവർക്ക് മാമ്പഴം അയച്ച് യുപി മുഖ്യമന്ത്രി