ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം തുടക്കം കുറിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തു, ചോർച്ച തടഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നത് ‘മോദിയുടെ ഉറപ്പാണ്’. 'ആദ്യം രാജ്യം' എന്ന മനോഭാവത്തോടെയാണ് സർക്കാരും പൗരന്മാരും ഒന്നിച്ച് പ്രവർത്തിക്കുന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ കഴിവ് വിശ്വാസമാണെന്നും മോദി പറഞ്ഞു. സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്‍റെ ശോഭനമായ ഭാവിയിലുള്ള വിശ്വാസം. ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം. മോദി വ്യക്‌തമാക്കി. തൊഴിലാളികളെ സഹായിക്കാൻ 13,000-15,000 കോടി രൂപ ചെലവഴിച്ച് 'വിശ്വകർമ യോജന' ആരംഭിക്കും. അടുത്ത മാസം വിശ്വകർമ ജയന്തിലാകും പദ്ധതി ആരംഭിക്കുക.
അഞ്ച് വർഷത്തിനിടെ 13.5 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് നിയോ മിഡിൽ, മിഡിൽ ക്ലാസുകളുടെ ഭാഗമായി. 2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാൻ ‘ശ്രേഷ്ഠ ഭാരത്’ എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. സർക്കാരിന്‍റെ ഓരോ നിമിഷവും, ഓരോ രൂപയും പൗരന്മാരുടെ ക്ഷേമത്തിനായാണ് ചെലവിടുന്നത്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തു.
2014-ൽ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ, സുസ്ഥിരവും ശക്തവുമായ സർക്കാർ ആവശ്യമാണെന്ന് ജനങ്ങൾ തീരുമാനിച്ചു. ഇതോടെ അസ്ഥിരതയുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ മോചിതമായി. ലോക മഹായുദ്ധത്തിന് ശേഷം പുതിയ ലോകക്രമം ഉയർന്നുവന്നിരുന്നു. ഇപ്പോൾ കൊവിഡ്-19 ന് ശേഷം ഒരു പുതിയ ലോകക്രമം രൂപപ്പെടുന്നത് കാണാൻ കഴിയും.