ന്യൂഡൽഹി : പ്രതിപക്ഷം മണിപ്പൂരിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന തരത്തില്‍ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ കോലാഘട്ടിൽ ക്ഷത്രീയ പഞ്ചായത്ത് രാജ് പരിഷത്ത് ഉദ്ഘാടന ചടങ്ങിനിടയില്‍ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ചത്. പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി രാജ്യമൊട്ടാകെയുള്ള അനാവശ്യ പ്രചാരണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി.
ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെന്‍റില്‍ നിന്നും ഇറങ്ങിപ്പോയതായും സത്യമെന്തെന്നാല്‍ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാൻ അവർ ആഗ്രഹിക്കുന്നില്ല, പ്രതിപക്ഷം അതിനെ ഭയപ്പെടുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളെ പ്രതിപക്ഷം വഞ്ചിച്ചത് വളരെ സങ്കടകരമാണ്.
പാർലമെന്‍റിലെ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് മണിപ്പൂര്‍ വിഷയത്തില്‍ ഉടൻ ചർച്ച നടത്തണമെന്ന് കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാഷ്ട്രീയ പാർട്ടികൾക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് മണിപ്പൂരിനെക്കുറിച്ച് ചർച്ച നടത്താന്‍ താത്‌പര്യമുണ്ടായിരുന്നില്ല. എന്തെന്നാല്‍ മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളിലെ സത്യം അവരെ വേട്ടയാടി കൊണ്ടിരിക്കും എന്ന് അവര്‍ക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരിലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് പ്രതിപക്ഷത്തിന് യാതൊരു ആശങ്കയുമില്ല. അവർക്ക് അവരുടെ രാഷ്ട്രീയമാണ് രാജ്യത്തേക്കാൾ പ്രധാനമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ചർച്ചയ്ക്ക് താത്‌പര്യമില്ലാത്തതിനാല്‍ അത് അവഗണിച്ച് അതിനുപകരമായി അവിശ്വാസ പ്രമേയം മുന്നോട്ട് വച്ച് രാഷ്ട്രീയ ചർച്ചകള്‍ക്ക് മുൻഗണന നൽകി. രാഷ്ട്രീയമായി അവരുടെ പ്രാതിനിധ്യം കാണിക്കാനായി മൂന്നു ദിവസത്തോളം ശ്രമിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.