എറണാകുളം: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധ കപ്പൽ ഐൻഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയായെന്ന് അദ്ദേഹം പറഞ്ഞു. ഒരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിത്. ഐഎൻഎസ് വിക്രാന്തിലൂടെ രാജ്യം ലോകത്തിന് മുന്നിലെത്തിയെന്നും പ്രധാനമന്ത്രി.
രാജ്യത്തിന് അഭിമാനമായി ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് ഐഎൻഎസ് വിക്രാന്ത് തെളിയിച്ചു. സമുദ്ര മേഖലയിലെ വെല്ലുവിളികൾക്കുള്ള ഉത്തരമാണ് ഐഎൻഎസ് വിക്രാന്ത്. ഇതോടെ നാവികസേനയുടെ കരുത്തും ആത്മവിശ്വാസവും വർധിച്ചു. രാജ്യത്തിന്‍റെ സ്വയം പര്യാപ്‌തതയുടെ പ്രതീകമാണ് വിക്രാന്ത്.
പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുഖമുദ്രയാണ് ഈ വിമാനവാഹിനി യുദ്ധ കപ്പല്‍ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊച്ചി കപ്പൽ ശാലയിൽ നടന്ന ഐഎൻഎസ് വിക്രാന്ത് കമ്മിഷനിങ് ചടങ്ങിൽ നാവികസേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി പുറത്തിറക്കി.
നാവികസേനയുടെ ഗാർഡ് ഓഫ് ഹോണർ പരിശോധിക്കുകയും, വിക്രാന്തിൽ നിന്ന് പറന്നുയർന്ന് അഭ്യാസ പ്രകടനം നടത്തിയ നാവികസേന ഹെലികോപ്‌റ്ററുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യുകയും ചെയ്‌തു. കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ ഉൾപ്പടെയുള്ളവർക്ക് പ്രധാനമന്ത്രി ഉപഹാരം നല്‍കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പ്രമുഖർ രാജ്യത്തിന്‍റെ അഭിമാന നിമിഷത്തിന് സാക്ഷികളായി.
രാജ്യത്തിന് അഭിമാന നിമിഷം: ഇതോടെ സ്വന്തമായി വിമാനവാഹിനി കപ്പൽ നിർമിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. നിര്‍മാണം ആരംഭിച്ച് ഏകദേശം ഒരു വ്യാഴവട്ടകാലത്തിന് ശേഷമാണ് കപ്പൽ കമ്മിഷന്‍ ചെയ്‌തത്. നാലാമത്തെയും അവസാനത്തെയും സമുദ്ര പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം കൊച്ചിൻ ഷിപ്പ് യാർഡ്, കപ്പല്‍ കഴിഞ്ഞ മാസം ഇന്ത്യൻ നാവികസേനക്ക് കൈമാറിയിരുന്നു.
ഉപയോഗിച്ചത് നൂതന സാങ്കേതിക വിദ്യ: യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്‌ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐഎൻഎസ് വിക്രാന്ത് നിർമിച്ചത്. ഒരേ സമയം ഹെലികോപ്‌റ്ററുകളെയും, ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗതയും 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്. ഇന്ത്യൻ നാവികസേനയുടെ ഡയറക്‌ടറേറ്റ് ഓഫ് നേവൽ ഡിസൈൻ ആണ് കപ്പൽ രൂപകൽപ്പന ചെയ്‌തത്.
ഐഎന്‍എസ് വിക്രാന്തിന്‍റെ ശേഷി: പൊതുമേഖല കപ്പൽശാലയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് കപ്പലിന്‍റെ 76 ശതമാനത്തിലധികം ഭാഗം നിർമിച്ചത്. ഈ വിമാനവാഹിനി കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും, സൂപ്പർ സ്‌ട്രക്‌ചര്‍ ഉൾപ്പെടെ 59 മീറ്റർ ഉയരവും ഉണ്ട്. സൂപ്പർ സ്‌ട്രക്‌ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്‌മെന്‍റുകളുമാണുളളത്.
1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപന ചെയ്‌ത കപ്പലിൽ വനിത ഓഫിസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിര്‍മാണ സമയത്തെ വെല്ലുവിളികള്‍: 2010ൽ നിർമാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമാണം ആരംഭിച്ച ശേഷം തടസങ്ങളുണ്ടായി. കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്‌താണ് വിക്രാന്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്.
നിർമാണത്തിന് ആവശ്യമായ ഉരുക്ക് റഷ്യയിൽ നിന്ന് എത്തിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും നടന്നിരുന്നില്ല. തുടർന്നാണ് ഡിആർഡിഒയുടെ സാങ്കേതിക സഹായത്തോടെ കപ്പൽ നിർമാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ തന്നെ നിർമിച്ചത്. നിർമാണം പൂർത്തിയായെങ്കിലും കൊവിഡിനെ തുടർന്നാണ് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത്.
ഇതോടെ കപ്പൽ കമ്മിഷൻ ചെയ്യുന്നതും നീണ്ടുപോവുകയായിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജയിച്ച് വിമാനവാഹിനി യുദ്ധ കപ്പല്‍ യാഥാർഥ്യമായതോടെ നാവികസേനയ്‌ക്കും രാജ്യത്തിനും കരുത്തും അഭിമാനവുമാണ് ഐഎൻഎസ് വിക്രാന്ത് സമ്മാനിക്കുന്നത്. അതേസമയം ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ പുതിയൊരു ചരിത്രം കൂടിയാണ് ഐഎൻഎസ് വിക്രാന്ത് രചിച്ചത്.