ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളുടെയും മരുന്നുകളുടെയും വിലവർധനവിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സഭ നിർത്തിവച്ച് വിഷയത്തിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യമുന്നയിച്ചു. രാജ്യസഭയിൽ ലിസ്റ്റ് ചെയ്‌ത പേപ്പറുകൾ മേശപ്പുറത്ത് വച്ചതിനു പിന്നാലെ വിഷയം ചർച്ച ചെയ്യാൻ റൂൾ 267 പ്രകാരം അംഗങ്ങൾ നോട്ടീസ് നൽകി.
എന്നാൽ ധനവിനിയോഗ ബില്ലിന്‍റെയും ധനകാര്യ ബില്ലിന്‍റെയും ചർച്ചയിൽ ഈ വിഷയത്തിൽ അംഗങ്ങൾ സംസാരിച്ചതായി പറഞ്ഞ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു നോട്ടീസ് സ്വീകരിക്കാൻ തയാറായില്ല. ഇതിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. പെട്രോൾ, ഡീസൽ, എൽപിജി, പിഎൻജി, അവശ്യ മരുന്നുകൾ എന്നിവയുടെ വിലക്കയറ്റത്തിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ദിനംപ്രതി ആവശ്യപ്പെടുന്നതാണെന്ന് ഖാർഗെ പറഞ്ഞു.
അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർധിക്കുകയാണ്. എന്നാൽ അതിൽ ചർച്ച നടത്താൻ സർക്കാർ തയാറാകുന്നില്ല. ഇതിനെ കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് സഭയിൽ അവസരം നൽകിയില്ലെങ്കിൽ തങ്ങൾ എവിടെയാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.