ന്യൂഡല്‍ഹി:അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ അപലപിച്ച് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ). സർക്കാർ ഏജൻസികൾ മാധ്യമങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായുള്ളതാണ് ബിബിസിക്കെതിരായുള്ള ഈ റെയ്‌ഡെന്ന് പിസിഐ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങളെ സർക്കാർ ശത്രുക്കളായി കാണുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഏജൻസികളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും പിസിഐ ചൂണ്ടിക്കാട്ടി. ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്‌തതിന് ആഴ്‌ചകൾക്ക് ശേഷമാണ് വകുപ്പിന്‍റെ നടപടി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് വിയോജിപ്പുണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫിസുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കുകയാണ് വേണ്ടതെന്ന് പിസിഐ പ്രസ്‌താവനയില്‍ പറഞ്ഞു.
ALSO READ|ബിബിസി ഓഫിസ് റെയ്‌ഡ്: ജീവനക്കാരുടെ മൊബൈലും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. ബിബിസി അഴിമതി കോര്‍പ്പറേഷനാണ്. പ്രത്യേക ഉദ്ദേശത്തോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതികരിച്ച് ബിബിസി:ആദായ നികുതി വകുപ്പിന്‍റെ നടപടിയില്‍ ബിബിസി ഔദ്യോഗികമായി പ്രതികരിച്ചു. യുകെയിലെ ആസ്ഥാനത്തുനിന്നും ഇതുസംബന്ധിച്ച പ്രസ്‌താവന പുറത്തുവന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയോട് പൂർണമായും സഹകരിക്കുന്നു. എത്രയും വേഗം സ്ഥിതിഗതികള്‍ പഴയപടിയാകുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി ട്വീറ്റില്‍ കുറിച്ചു.