ന്യൂഡല്‍ഹി :ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി.
മുന്‍ പ്രധാനമന്ത്രിയും അസമില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ മന്‍മോഹന്‍ സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭ അംഗവുമായ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പാര്‍ലമെന്‍റ് മന്ദിരത്തിലും നിയമസഭ മന്ദിരങ്ങളിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തി.
ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, എഐഎഡിഎംകെ, തെലുങ്ക് ദേശം പാര്‍ട്ടി, ജെഡി (എസ്) എന്നിവരുടെ പിന്തുണയുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ വിജയമുറപ്പിച്ച ദ്രൗപതി മുര്‍മു രാഷ്‌ട്രപതിയാകുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കും.