ന്യൂഡൽഹി : പ്രതിപക്ഷ പാർട്ടികൾ ഭിന്നതകൾ മാറ്റിവച്ച്, തുറന്ന മനസോടെ ചർച്ച ചെയ്‌ത് ഉചിതനായ വ്യക്തിയെ നിര്‍ദേശിച്ച് രാഷ്ട്രപതിയായി തെരഞ്ഞെടുക്കണമെന്ന് കോൺഗ്രസ്. ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും പൗരരെയും ഭരണത്തിലുള്ള ബിജെപിയുടെ നിരന്തരമായ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുന്ന വ്യക്തിയെ രാഷ്ട്രപതിയായി രാജ്യത്തിന് ആവശ്യമാണെന്നാണ് കോൺഗ്രസിന്‍റെ നിലപാട്.
പാർട്ടി പ്രത്യേക പേരുകളൊന്നും മുന്നോട്ടുവച്ചിട്ടില്ല, ഭരണകക്ഷിയുടെ ആക്രമണത്തിൽ നിന്ന് പൗരരെ രക്ഷിക്കാന്‍ കഴിവുറ്റ ഒരു രാഷ്ട്രപതി തെരഞ്ഞെടുക്കപ്പെടണമെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിജെപി ഇതര പാർട്ടികളിലെ മറ്റ് നേതാക്കൾ എന്നിവരുമായി ശനിയാഴ്‌ച ചർച്ച നടത്തിയിരുന്നു.