ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ജൂണ്‍ 21 -22 തിയതികളില്‍ മുംബൈയില്‍ നടക്കും. എൻസിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നേതൃത്വത്തിലായിരിക്കും യോഗം. ബുധനാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എല്ലാവര്‍ക്കും താത്പര്യമുള്ള ഒരു നേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. എൻഡിഎക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് നീക്കം.
17 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. അടുത്ത യോഗത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പവാര്‍ സ്ഥാനം നിരസിച്ചാല്‍ തല്‍സ്ഥാനത്ത് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ലയുടെയും ഗോപാൽകൃഷ്ണ ഗാന്ധിയുടെയും പേരുകൾ ഉയര്‍ന്ന വന്നേക്കും. 2017ല്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച് വെങ്കയ്യ നായിഡുവിനോട് തോറ്റിരുന്നു. മഹാത്മാഗാന്ധിയുടെയും സി രാജഗോപാലാചാരിയുടെയും ചെറുമകനാണ് ഇദ്ദേഹം.