ന്യൂഡൽഹി : രാഷ്‌ട്രപതി ഭവന്‍റെ ഔദ്യോഗിക ക്ഷണക്കത്തിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരത്' എന്നുപയോഗിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് (President of Bharat Nomenclature Change ). ജി 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാൻ രാഷ്‌ട്രപതി ഭവനിൽ നിന്നയച്ച കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' (President of India) എന്നതിനുപകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' (President of Bharat) എന്നാണ് രേഖപ്പെടുത്തിയത്. ഈ നടപടി ഭരണഘടനയ്‌ക്കെതിരെയുള്ള അക്രമണമാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് (jairam Ramesh) കുറ്റപ്പെടുത്തി. ഈ നടപടിയോടെ ഭരണഘടനയിലെ ഒന്നാം വകുപ്പ് (Article 1, Constitution of India) 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ടെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇതിൽ പറയുന്ന സംസ്ഥാനങ്ങളുടെ യൂണിയൻ ഇതോടെ അക്രമിക്കപ്പെട്ടെന്നും മുൻ കേന്ദ്രമന്ത്രികൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.
"വാർത്ത സത്യമാണ്. രാഷ്‌ട്രപതി ഭവൻ സെപ്റ്റംബര്‍ 9 ന് ജി 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നതിൽ സാധാരണപോലെ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നുപയോഗിക്കുന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്നാണ്. ഇനി ഭരണഘടനയിലെ ഒന്നാം വകുപ്പ് 'ഇന്ത്യയായിരുന്ന ഭാരതം സംസ്ഥാനങ്ങളുടെ യൂണിയനാണ്' എന്ന് വായിക്കേണ്ടതുണ്ട്. പക്ഷേ ഇപ്പോൾ 'സംസ്ഥാനങ്ങളുടെ യൂണിയൻ' ഇതോടെ ആക്രമിക്കപ്പെട്ടിരിക്കുക കൂടിയാണ്" - ജയറാം രമേശ് എക്സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്ററിൽ) കുറിച്ചു.