ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യാനിരിക്കെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണ്, അല്ലാതെ പ്രധാനമന്ത്രിയല്ലെന്നാണ് രാഹുലിന്‍റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
പുതുതായി നിർമിച്ച പാർലമെന്‍റ് മന്ദിരം, മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ വ്യാഴാഴ്‌ച (മെയ് 18) ലോക്‌സഭ സ്‌പീക്കർ ഓം ബിർള, മോദിയെ കാണുകയും പാര്‍ലമെന്‍റിന്‍റെ ഉദ്ഘാടനത്തിന് വേണ്ടി ക്ഷണിക്കുകയും ചെയ്‌തിരുന്നു. ലോക്‌സഭ സെക്രട്ടേറിയറ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഉദ്‌ഘാടനം സവര്‍ക്കറുടെ ജന്മദിനത്തില്‍:ഹിന്ദുത്വ സൈദ്ധാന്തികനും ഹിന്ദുമഹാസഭ പ്രമുഖനുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജന്മദിനമാണ് മെയ് 28. ഈ ദിവസം തന്നെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതിനെതിരെ നിരവധി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. രാജ്യത്തെ കെട്ടിപ്പടുത്തവരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞത്.
ALSO READ |പുതിയ പാര്‍ലമെന്‍റ് കെട്ടിട നിര്‍മാണത്തിനായി ഒരുക്കം ആരംഭിച്ചു
പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിനെക്കുറിച്ച് വെള്ളിയാഴ്‌ച (മെയ് 19) ലോക്‌സഭ സ്‌പീക്കർ ഓം ബിർള ട്വീറ്റ് ചെയ്‌തിരുന്നു. '140 കോടിയിലധികം വരുന്ന രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയാണ് പൂവണിയുന്നത്. 2047നുള്ളില്‍ വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ പ്രമേയം കൈവരിക്കുന്നതിനുള്ള ശക്തമായ ഒന്നായി പുതുതായി നിർമിച്ച പാർലമെന്‍റ് മന്ദിരം മാറും' - ഇങ്ങനെയായിരുന്നു ഓം ബിർളയുടെ ട്വീറ്റ്.
ഭരണഘടന മൂല്യങ്ങള്‍ കൂടുതൽ സമ്പന്നമാക്കുമെന്ന് ഓം ബിര്‍ള:പാർലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ലോക്‌സഭ സ്‌പീക്കർ അഭിനന്ദിക്കുകയുമുണ്ടായി. ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'പുതുതായി നിർമിച്ച പാർലമെന്‍റ് മന്ദിരം, ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളേയും ഭരണഘടന മൂല്യങ്ങളേയും കൂടുതൽ സമ്പന്നമാക്കും. ഈ കെട്ടിടത്തിൽ, ബഹുമാനപ്പെട്ട അംഗങ്ങൾക്ക് രാജ്യത്തിനും പൗരന്മാർക്കും വേണ്ടിയുള്ള തങ്ങളുടെ കടമകൾ മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കെട്ടിടം മെയ് 28ന് രാജ്യത്തിന് സമർപ്പിക്കും' - ബിർള ട്വീറ്റ് ചെയ്‌തു.
ALSO READ |പുതിയ പാര്‍ലമെന്‍റ് മന്ദിരം; ആശങ്ക പങ്കുവെച്ച് മക്കൾ നീതി മയ്യം
ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തുവിട്ട കണക്കനുസരിച്ച്, പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ലോക്‌സഭ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭയില്‍ 300 അംഗങ്ങൾക്കുമുള്ള സീറ്റുകളാണുള്ളത്. ഇരുസഭകളുടെയും സംയുക്ത സമ്മേളനമാണെങ്കിൽ, ലോക്‌സഭ ചേംബറിൽ ആകെ 1,280 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും. 2020 ഡിസംബർ 10ന് പ്രധാനമന്ത്രിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ തറക്കല്ലിടൽ കര്‍മം നിർവഹിച്ചത്. ഇപ്പോഴത്തെ പാർലമെന്‍റ് മന്ദിരം 1927ലാണ് ഉദ്‌ഘാടനം ചെയ്‌തത്. 96 വര്‍ഷമാണ് ഈ കെട്ടിടത്തിന്‍റെ പഴക്കം.