ന്യൂഡല്‍ഹി: കോടതികളിലേക്കുള്ള ജഡ്‌ജി നിയമനത്തിന് അഖിലേന്ത്യാതലത്തില്‍ പരീക്ഷ നടത്തണമെന്ന നിര്‍ദ്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സുപ്രീംകോടതി സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുര്‍മു.
അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസിലൂടെ മിടുക്കരായ യുവാക്കളെ നീതിന്യായ സംവിധാനങ്ങളിേലക്ക് എത്തിക്കാനും അവരുടെ കഴിവുകള്‍ താഴെ തലം മുതല്‍ ഉന്നതതലം വരെ എത്തിക്കാനും സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജഡ്‌ജിമാര്‍ ആകാന്‍ ആഗ്രഹിക്കുന്ന രാജ്യമെമ്പാടുമുള്ള നിരവധി പേര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇത് അവസരമൊരുക്കുമെന്നും മുര്‍മു പറഞ്ഞു.
എല്ലാവര്‍ക്കും മെച്ചപ്പെട്ട നീതി സംവിധാനം ലഭ്യമാക്കാന്‍ പൗരകേന്ദ്രീകൃതമായ സംവിധാനം വേണം. നമ്മുടെ സംവിധാനങ്ങള്‍ സമയബന്ധിതമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കോളനിവാഴ്ചയുടെ ഉത്പന്നങ്ങള്‍. നമ്മുടെ രാജ്യത്തെ കോളനിവാഴ്ചയുടെ ശേഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ അവബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവ പൂര്‍ണമായും ഇല്ലാതാക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ബെഞ്ചുകളും ബാറുകളും നീതിന്യായ സംവിധാനത്തെ തീര്‍ച്ചയായും മെച്ചപ്പെടുത്തുന്നുണ്ട്. സുതാര്യമായ മത്സരപരീക്ഷകളിലൂടെ ഈ രംഗത്തേക്ക് ഉള്ളവരെ തെരഞ്ഞെടുക്കുക വഴി കൂടുതല്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവരെ ഈ രംഗത്തേക്ക് എത്തിക്കാനാകും. രാജ്യത്തെ ഓരോ പൗരനും നീതി തേടാനാകുന്നു എന്നത് തന്നെയാണ് നീതിന്യായ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്. അതേസമയം ഇതിന് ചില വെല്ലുവിളികളുമുണ്ട്. ചെലവ് തന്നെയാണ് അതില്‍ പ്രധാനം. ഭാഷ പോലുള്ള മറ്റ് വിഷയങ്ങളുമുണ്ട്.