ന്യൂഡല്‍ഹി : ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ഇന്ത്യയിലും വിദേശത്തുമുള്ള മുഴുവന്‍ മുസ്‌ലിം സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. ത്യാഗത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ ദിനം കൂടിയ ബലിപെരുന്നാള്‍ ദിനത്തില്‍ സമൂഹത്തില്‍ പരസ്‌പര സാഹോദര്യവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിം മത വിശ്വാസികള്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ അറിയിക്കുന്നതായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ബലിപെരുന്നാളിന്‍റെ സന്തോഷകരമായ ഈ സുദിനത്തില്‍ കേരളത്തിലുള്ളവര്‍ക്കും ലോകമെമ്പാടുമുള്ള മറ്റ് മലയാളികള്‍ക്കും ഹൃദയംഗമമായ ആശംസകള്‍. ത്യാഗത്തെയും സർവ ശക്തനിലുള്ള വിശ്വാസത്തെയും മഹത്വപ്പെടുത്തുന്ന ആഘോഷമാണിത്. സ്‌നേഹം, അനുകമ്പ, ദയ എന്നിവയിലൂടെ നമ്മുടെ സഹോദര്യത്തെയും സാമൂഹിക ഐക്യത്തെയും ശക്തിപ്പെടുത്താന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബലിപെരുന്നാള്‍ ആഘോഷം : മുസ്‌ലിം മതവിശ്വാസികള്‍ക്ക് രണ്ട് ആഘോഷങ്ങളാണുള്ളത്. അതിലൊന്നാണ് ബലിപെരുന്നാള്‍. ബക്രീദ് എന്നും ഈദുല്‍ അദ്‌ഹയെന്നും അറബിയില്‍ ഇത് അറിയപ്പെടുന്നു. പ്രവാചകനായ ഇബ്റാഹീം നബി മകന്‍ ഇസ്‌മായിലിനെ ബലിയറുക്കുന്നതുമായി ബന്ധപ്പെട്ട ത്യാഗ സ്‌മരണയുടെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ ആഘോഷം.
ഇസ്‌ലാം മതത്തിലെ പ്രധാന കര്‍മങ്ങളിലൊന്നായ ഹജ്ജിന്‍റെ പരിസമാപ്‌തി കൂടിയാണ് ഈ ആഘോഷമെന്നും പറയാം. എല്ലാവിധ വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യ സമൂഹം ഒറ്റക്കെട്ടാണെന്നതാണ് ആഘോഷത്തില്‍ ആശംസകള്‍ നേരുന്നതിന്‍റെ പ്രധാന ഉദ്ദേശം. ഇബ്‌റാഹീം നബിയുടെ ജീവിതത്തെയും കുടുംബത്തെയും ആധാരമാക്കിയുള്ളതാണ് ഹജ്ജും ബലിപെരുന്നാളും.