ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നേരിട്ട സുരക്ഷ വീഴ്‌ചയിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. രാഷ്‌ട്രപതി ഭവനിൽ വച്ച് രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയിൽ നിന്ന് തന്നെ എന്താണ് സംഭവിച്ചതെന്ന് രാഷ്‌ട്രപതി ചോദിച്ചറിഞ്ഞു.
സംഭവത്തിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഭാവിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
പഞ്ചാബിൽ ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിട്ടോളം ഫ്ലൈഓവറില്‍ കുടുങ്ങിക്കിടന്നത്. ഫ്ലൈഓവറില്‍ പ്രതിഷേധക്കാർ സംഘടിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്ഷസാക്ഷി സ്‌മാരകം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് സംഭവം.