ന്യൂഡൽഹി:രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ എൻ.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിനെ കടന്നാക്രമിച്ച് യശ്വന്ത് സിൻഹ. ദ്രൗപദി തെരഞ്ഞെടുക്കപ്പെട്ടാൽ നിശബ്‌ദതയും അനുകമ്പയും പാലിക്കുന്ന റബ്ബർ സ്റ്റാമ്പായ രാഷ്‌ട്രപതിയാവും. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിൻഹ ഞായാറാഴ്‌ചയാണ് ഇതുസംബന്ധിച്ച പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
ഭരണഘടന, ജനാധിപത്യം, മതേതരത്വം എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയെ സംരക്ഷിക്കാന്‍ പാർട്ടി വ്യത്യാസമില്ലാതെ തനിക്ക് വോട്ട് ചെയ്യണം. രാജ്യത്തുടനീളമുള്ള പാർലമെന്‍റംഗങ്ങളോടും നിയമസഭാംഗങ്ങളോടുമാണ് തിങ്കളാഴ്‌ച (18.07.22) തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യശ്വന്ത് സിന്‍ഹയുടെ അഭ്യര്‍ഥന. എന്നാല്‍, വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ ദ്രൗപദി മുര്‍മു തയ്യാറായില്ല.
ജയം ഉറപ്പിച്ച് എൻഡിഎ : 64 കാരിയായ ദ്രൗപദി മുര്‍മു, ജാര്‍ഖണ്ഡിന്‍റെ ഒൻപതാമത്തെ ഗവര്‍ണറായിരുന്നു. ഒഡിഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ്. നേരത്തെ ഒഡിഷയില്‍ മന്ത്രിയുമായിരുന്നു. 2000ത്തില്‍ ജാർഖണ്ഡ് രൂപീകൃതമായതിന് ശേഷം അഞ്ച് വർഷം കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഗവർണറെന്ന നേട്ടവും ഇവര്‍ക്ക് സ്വന്തം.