കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിക്കുന്നു ന്യൂഡല്‍ഹി : ബിപര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതിന് മുന്നോടിയായി നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് കടലിലേക്ക് തിരിച്ച സംഘത്തിലെ നാലുപേരെ കാണ്മാനില്ല. പ്രക്ഷുബ്‌ധമായതിനാൽ കടലില്‍ ഇറങ്ങരുതെന്ന അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് തിങ്കളാഴ്‌ച വൈകുന്നേരം 5.30 ഓടെ കടലിലേക്ക് തിരിച്ച ആറുപേരടങ്ങിയ സംഘത്തിലെ നാലുപേരെയാണ് കാണാതായത്. ഗുജറാത്ത് തീരത്തെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ജുഹു കോളിവാഡയിലുണ്ടായ സംഭവത്തില്‍ രണ്ടുപേരെ രക്ഷപ്പെടുത്തുകയായിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ ബിപര്‍ജോയ് ചുഴലിക്കാറ്റിനെക്കുറിച്ച് (Biparjoy Cyclone) ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള നാഷണൽ ക്രൈസിസ് മാനേജ്‌മെന്‍റ് കമ്മിറ്റി (എൻസിഎംസി) അവലോകനം ചെയ്‌ത് വേണ്ട തയ്യാറെടുപ്പുകളെടുത്തിരുന്നു. ബിപര്‍ജോയ് ജൂൺ 14 ന് ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതിശക്തമായി ആഞ്ഞടിക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിഎംസി (NCMC) സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാത്രമല്ല വിഷയത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച യോഗം ചേര്‍ന്നിരുന്നു.
ഗുജറാത്തിലെ മണ്ഡ്വിയ്‌ക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15 നകം ബിപര്‍ജോയ് ചുഴലിക്കാറ്റ് 'അതി തീവ്ര ചുഴലിക്കാറ്റായി' മാറും. മണിക്കൂറിൽ പരമാവധി 125-150 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ബിപര്‍ജോയ് ജൂണ്‍ 14 വരെ വടക്കോട്ട് നീങ്ങുമെന്നും പിന്നീട് സൗരാഷ്‌ട്രയും ഗുജറാത്തിലെ കച്ചും കടക്കുമെന്നും എൻസിഎംസി അറിയിച്ചു. നിലവില്‍ കിഴക്കൻ-മധ്യ അറബിക്കടലിലാണ് ചുഴലിക്കാറ്റുള്ളതെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (India Meteorological Department) ഡയറക്‌ടര്‍ ജനറല്‍ ഡോ.മൃത്യുഞ്‌ജയ് മൊഹാപത്രയും വ്യക്തമാക്കി. ചുഴലിക്കാറ്റ് പ്രതീക്ഷിക്കുന്ന പാതയിൽ ജനജീവിതം സംരക്ഷിക്കുന്നതിനായി പ്രാദേശിക ഭരണകൂടം സ്വീകരിച്ചുവരുന്ന തയ്യാറെടുപ്പുകളും നടപടികളും ഗുജറാത്ത് ചീഫ് സെക്രട്ടറിയും കമ്മിറ്റിയെ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവരെ തിരികെ വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Biparjoy Cyclone | അതിതീവ്ര ചുഴലിക്കാറ്റായി 'ബിപര്‍ജോയ്', ശക്തി പ്രാപിക്കുന്നത് വേഗത്തിലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തയ്യാറെടുപ്പുകള്‍ ഇങ്ങനെ : ഇതുവരെ 21,000 ബോട്ടുകൾ കരയ്‌ക്കടുപ്പിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ ആവശ്യങ്ങൾക്കായി അതുമായി ബന്ധപ്പെട്ട ഗ്രാമങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടുന്ന തീരവാസികളുടെ വിശദാംശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല മതിയായ രക്ഷാകേന്ദ്രങ്ങള്‍, വൈദ്യുതി വിതരണം, മരുന്ന്, അത്യാഹിത സേവനങ്ങൾ എന്നിവ സജ്ജമാണെന്നും സംസ്ഥാന ദുരന്തനിവാരണ സേനയുടെ (SDRF) പത്ത് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ദേശീയ ദുരന്തനിവാരണ സേന (NDRF) 12 സംഘങ്ങളെ വിവിധ പ്രദേശങ്ങളിലായി വിന്യസിക്കുകയും മൂന്ന് സംഘങ്ങളെ സജ്ജീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതുകൂടാതെ ആര്‍ക്കോണം (തമിഴ്‌നാട്), മുണ്ട്ലി (ഒഡിഷ), ബതിന്‍ഡ (പഞ്ചാബ്) എന്നിവടങ്ങളില്‍ അഞ്ച് സംഘങ്ങള്‍ വീതം 15 ടീമുകളെ കരുതലിനായി സജ്ജീകരിച്ചിട്ടുമുണ്ട്. ഇതിനൊപ്പം കോസ്‌റ്റ് ഗാർഡ്, കരസേന, നാവികസേന എന്നിവയുടെ രക്ഷാദൗത്യ സംഘങ്ങളും കപ്പലുകളും വിമാനങ്ങളും സജ്ജമാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബിപര്‍ജോയ് ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്താനും നടപടികള്‍ സ്വീകരിക്കാനുമായി ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളും ഉറപ്പാക്കാനും നാശനഷ്‌ടങ്ങള്‍ സംഭവിച്ചാൽ ഉടൻ പുനഃസ്ഥാപിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും 24x7 രീതിയില്‍ കൺട്രോൾ റൂമുകൾ പ്രവര്‍ത്തിപ്പിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രശ്‌നബാധിത പ്രദേശത്ത് നിന്നും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമായ സേവനങ്ങള്‍ നമ്മുടെ സംഘങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റും ചെയ്‌തിരുന്നു.