ഹൈദരാബാദ്:ബിജെപി നേതാക്കൾ മർദിച്ച മുസ്‌ലിം യുവതിയുടെ ഗർഭം അലസിയതായി പരാതി. തെലങ്കാനയിലെ മെദക് ജില്ലയിലെ നർസാപൂരിലെ പ്രാദേശിക മുസ്‌ലിം സംഘടനയായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. ആൾക്കൂട്ട ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും എംബിടി വക്താവ് അംജെദ് ഉല്ലാ ഖാൻ ആവശ്യപ്പെട്ടു.
സംഭവം നടന്നതിങ്ങനെ:മെയ് 7ന് ഹോട്ടൽ ഉടമയായ ഖാജാ മൊയ്‌നുദ്ദീനും ഗ്യാസ് ഡെലിവറി ബോയ് ലിംഗവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിൽ ഉണ്ടായ നിസാര വഴക്ക് നർസാപൂർ മുനിസിപ്പാലിറ്റി ചെയർമാൻ മുരളി യാദവും ബിജെപിയുമായി ബന്ധമുള്ള കൗൺസിലർ രാജേന്ദറും ചേർന്ന് വർഗീയമക്കാക്കുകയായിരുന്നു എന്നാണ് അംജെദ് ഉല്ലാ ഖാൻ പറയുന്നത്. മെദക് ജില്ലയിലെ നർസാപൂർ ക്രോസിങ് റോഡിലെ കല്യാണി ബിരിയാണി ഹോട്ടലിന്‍റെ ഉടമ മൊയ്‌നുദ്ദീൻ ഗ്യാസ് സിലിണ്ടറിന് ഓർഡർ നൽകിയിരുന്നു.
ഗ്യാസ് സിലിണ്ടര്‍ നൽകുന്നതിനിടയിൽ ഇവർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് പിന്നാലെ രാജേന്ദർ, ബുചേഷ് യാദയ്, മല്ലേഷ് ഗൗഡ്, പ്രഭു സ്വാമി, കിരൺ സ്വാമി എന്നിവരുൾപ്പെടെ അൻപതോളം ബിജെപി പ്രവർത്തകർ ജയ് ശ്രീറാം വിളികളോടെ ഖാജാ മൊയ്‌നുദ്ദീന്‍റെ ഹോട്ടലിൽ എത്തുകയും ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്ന് മൊയ്‌നുദ്ദീനെ തടയാനെത്തിയ സഹോദരിയും ആൾക്കൂട്ട ആക്രമണത്തിനിരയാവുകയായിരുന്നു. ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ യുവതിയുടെ ഗർഭം ദിവസങ്ങൾക്കുള്ളിൽ അലസി.