യവത്മാൽ: ഡോക്‌ടർ ഇല്ലാത്തതിനെത്തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്‌ടമായി. മഹാരാഷ്‌ട്രയിലെ യവത്മാലിലെ വിദുൽ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ചികിത്സയ്‌ക്കായി ഡോക്‌ടർമാർ എത്തുന്നതും കാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ വരാന്തയിൽ കാത്തിരിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.
ചികിത്സിക്കാനാളില്ല; പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ നഷ്‌ടമായി - മഹാരാഷ്‌ട്രയിൽ പിഎച്ചസിക്ക് മുന്നിൽ പ്രസവിച്ച് യുവതി
മഹാരാഷ്‌ട്രയിലെ യവത്മാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുറത്തെ വരാന്തയിൽ കാത്തിരുന്ന യുവതി പ്രസവിക്കുകയായിരുന്നു.

ഗർഭിണിയായ ശുഭാംഗി ഹഫ്‌സെ പ്രസവത്തിനായി സ്വന്തം നാടായ വിദുലിൽ എത്തിയതായിരുന്നു. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ചെങ്കിലും എത്താൻ രണ്ട് മണിക്കൂർ വൈകും എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് യുവതിയും പിതാവും ഓട്ടോയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുകയായിരുന്നു.
എന്നാൽ മെഡിക്കൽ ഓഫീസറോ ജീവനക്കാരോ ഇല്ലാത്തതിനാൽ യുവതിയെ ആശുപത്രിക്കുള്ളിൽ പ്രവേശിപ്പിച്ചില്ല. ഇതിനിടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുറത്തെ വരാന്തയിൽ കാത്തിരുന്ന യുവതി പ്രസവിക്കുകയായിരുന്നു. എന്നാൽ ശരിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് പ്രസവത്തിന് മിനിട്ടുകൾക്കകം തന്നെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
TAGGED:
Yavatmal news