വെല്ലൂര്‍:ഗര്‍ഭിണിയെ ആശുപത്രില്‍ എത്തിക്കാനായി ഗ്രാമവാസികള്‍ ഡോളിയില്‍ (താല്‍ക്കാലിക സ്‌ട്രെക്‌ചർ) ചുമന്ന് നടന്നത് ആറ് കിലോമീറ്റര്‍. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പീഞ്ചമണ്ടൈ പഞ്ചായത്തിലെ ജടയൻകൊല്ലായി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഡിസംബർ 14 (ചൊവ്വാഴ്‌ച)യാണ് അനിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
പ്രസവ വേദനയില്‍ പിടഞ്ഞ് അനിത; വാഹനത്തിനായി നാട്ടുകാര്‍ ചുമലില്‍ ചുമന്ന് നടന്നത് ആറ് കിലോമീറ്റര്‍ കോളനിയിലേക്ക് വാഹനം എത്തിക്കാന്‍ റോഡ് സൗകര്യം ഇല്ലായിരുന്നു. ഇതോടെ ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് യുവതിയെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഡോളിയില്‍ (താല്‍ക്കാലിക സ്‌ട്രെക്‌ചർ) കിടത്തി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചുമന്ന് കൊണ്ടുപോകുകയായിരുന്നു.
Also Read: വിവാഹ പ്രായമായില്ലേ..! ചോദ്യം ഉന്നയിക്കാൻ വരട്ടെ, കേന്ദ്രനിയമം മാറി; തുല്യനീതി 43 വര്‍ഷത്തിന് ശേഷം
തുടര്‍ന്ന് അത്തിയൂർ പഞ്ചായത്ത് കളങ്കുമേട് പ്രദേശത്ത് എത്തിച്ച ശേഷം ഇവരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ അനിതയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു.
അമ്മയും കുഞ്ഞു ആരോഗ്യത്തോടെ ഇരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിന് മുമ്പ് ഗുരുമഴായി ഗ്രാമത്തിൽ സമാനമായ സംഭവം നടന്നിരുന്നു. പ്രദേശത്ത് ആശുപത്രി സ്ഥാപിക്കണമെന്നും റോഡ് നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.