ന്യൂഡൽഹി: കൊവിഡ് പോസിറ്റീവ് ആയവർക്ക് നെഗറ്റീവായി മൂന്ന് മാസത്തിന് ശേഷമേ മുൻകരുതൽ ഡോസ് ഉൾപ്പെടെയുള്ള കൊവിഡ് വാക്‌സിൻ നൽകാവുള്ളൂവെന്ന് കേന്ദ്രം. മുൻകരുതൽ ഡോസിന് അർഹരായ വ്യക്തികൾക്ക് കൊവിഡ് ബാധിച്ചാൽ വാക്‌സിൻ നൽകുന്നതിമായി ബന്ധപ്പെട്ട മാർഗനിർദേശത്തിനായി വിവിധ കോണുകളിൽ നിന്ന് അഭ്യർഥനകൾ ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് രോഗം മാറി മൂന്ന് മാസത്തിന് ശേഷമേ വാക്‌സിൻ നൽകാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശം നൽകിയത്. വാക്‌സിനേഷൻ സംബന്ധിച്ച പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്‍റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് നിർദേശം.