ന്യൂഡൽഹി:ഫോണ്‍ വിളിക്കുന്ന സമയത്ത് ലഭ്യമാവുന്ന കൊവിഡ് ബോധവത്‌കരണ അറിയിപ്പ് (Pre-Call Audio Announcements) കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഒഴിവാക്കിയേക്കും. കൊവിഡ് മഹാമാരി വ്യാപനം രണ്ട് വർഷം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. ഉദ്ദേശിച്ചത് പൂര്‍ണാര്‍ഥത്തില്‍ നിറവേറ്റിയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ ലഭ്യമാവാന്‍ കാലതാമസമുണ്ടാകുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. പ്രീ കോൾ അറിയിപ്പുകള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.