മൈസൂരു (കർണാടക): പാർലമെന്‍റ് സുരക്ഷ വീഴ്‌ചയിൽ തനിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾക്കെതിരെ ബിജെപി എംപി പ്രതാപ് സിംഹ പ്രതികരിച്ചു (Pratap Simha on Parliament security breach case). 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്ന് പാർലമെന്‍റ് സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതാപ് സിംഹ പറഞ്ഞു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട 'രാജ്യദ്രോഹി' എന്നതടക്കമുള്ള ആരോപണങ്ങളിൽ തീരുമാനമെടുക്കേണ്ടത് ദൈവവും തന്‍റെ വായനക്കാരും ആണെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്‍റ് സുരക്ഷ വീഴ്‌ചയെക്കുറിച്ചും (Parliament security breach) നടന്നുകൊണ്ടിരിയ്‌ക്കുന്ന അന്വേഷണത്തെക്കുറിച്ചും താൻ ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ ചേമ്പറിലേക്ക് ചാടി പുക സൃഷ്‌ട്ടിച്ച് പ്രതിഷേധിച്ച യുവാക്കൾ പാർലമെന്‍റിലേയ്‌ക്ക് പ്രവേശിച്ചത് സിംഹയുടെ ഓഫീസിന്‍റെ ശുപാർശ പ്രകാരം നൽകിയ പാസുകൾ കൊണ്ടാണെന്നാണ് ആരോപണം ഉയർന്നിരുന്നത്.
പ്രതാപ് സിംഹ പ്രതികരണം ഇങ്ങനെ: മൈസൂരിലെ കുന്നുകളിൽ കുടികൊള്ളുന്ന ചാമുണ്ഡേശ്വരിയമ്മയും, ബ്രഹ്മഗിരിയിൽ കുടികൊള്ളുന്ന കാവേരി അമ്മയും, കഴിഞ്ഞ ഇരുപത് വർഷങ്ങളായി എന്‍റെ രചനകൾ വായിക്കുന്ന കർണാടകത്തിലെ ജനങ്ങളും, ഒമ്പതര വർഷമായി എന്‍റെ പ്രവ്യത്തികളും പെരുമാറ്റവും കണ്ട മൈസൂരുവിലെയും കൊടകിലെയും ജനങ്ങളും അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കും താൻ രാജ്യസ്‌നേഹിയാണോ രാജ്യദ്രോഹിയാണോ എന്നതിന് വിധി പറയുക.
തന്നെ 'രാജ്യദ്രാഹി' എന്നെഴുതിയ പോസ്റ്ററുകൾക്ക് മറുപടി ആയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. താൻ ആരാണെന്ന തീരുമാനം എടുക്കേണ്ട ജോലി ജനങ്ങൾക്ക് വിടുന്നെന്നും അതല്ലാതെ തനിക്ക് ഒന്നും പറയാനില്ലെന്നും സിംഹ വ്യക്തമാക്കി. പാർലമെന്‍റിലുണ്ടായ സുരക്ഷ വീഴ്‌ചയെ തുടർന്ന് കോൺഗ്രസും മറ്റ് ചില സംഘടനകളും സിംഹക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.