ന്യൂഡൽഹി : 2023 സീസണിലെ ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന് തിരിച്ചടി. ടീമിന്‍റെ സൂപ്പർ താരം പ്രസിദ്ധ് കൃഷ്‌ണ പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായി. നടുവിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന് ഐപിഎല്ലിന്‍റെ 2023 സീസണ്‍ നഷ്‌ടമാകുമെന്ന് രാജസ്ഥാൻ റോയൽസ് തന്നെയാണ് അറിയിച്ചത്.
'നടുവിനേറ്റ പരിക്കിനെ തുടർന്ന് പ്രസിദ്ധിന് ശസ്‌ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ സുഖം പ്രാപിക്കാനും മത്സരത്തിലേക്ക് തിരിച്ചുവരാനും അദ്ദേഹത്തിന് കൂടുതൽ സമയം ആവശ്യമാണ്. വേഗത്തിൽ സുഖം പ്രാപിച്ച് കരുത്തോടെ തിരിച്ചുവരാനാകട്ടെ എന്ന് രാജസ്ഥാൻ കുടുംബം ആശംസിക്കുന്നു' - രാജസ്ഥാൻ റോയൽസ് പ്രസ്‌താവനയിലൂടെ അറിയിച്ചു.