പട്‌ന:ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. മുഖ്യമന്ത്രി അത്തുംപിത്തും ബാധിച്ച (പ്രായാധിക്യത്തെ തുടര്‍ന്നുള്ള സ്വഭാവ മാറ്റം) ആളെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹം വല്ലാതെ രാഷ്‌ട്രീയപരമായി ഒറ്റപ്പെട്ട നിലയിലാണ്, അതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും പ്രശാന്ത് ആരോപിച്ചു.
ഒക്‌ടോബര്‍ രണ്ട്, ഗാന്ധി ജയന്തി ദിനത്തില്‍ പ്രശാന്ത് കിഷോര്‍ ജന്‍ സൂരജ് പദയാത്ര ആരംഭിച്ചിരുന്നു. തൊട്ടുപിന്നാലെ ബിഹാറില്‍ ബിജെപിയുമായി കൈകോര്‍ത്തുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്ന് നിതീഷ് ആരോപിച്ചു. ഇതിനുള്ള മറുപടിയുമായാണ് അദ്ദേഹം ഇന്ന് (ഒക്‌ടോബര്‍ 9) രംഗത്തെത്തിയത്.
'എങ്കില്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറയുമോ?': നിതീഷ് കുമാറിനെ വല്ലാതെ പ്രായം ബാധിക്കുന്നുണ്ട്. അത് അദ്ദേഹത്തില്‍ നന്നായി സങ്കോചം ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് പറയാൻ ആഗ്രഹിക്കുകയും എന്നാല്‍ പറയുന്നത് മറ്റൊന്ന് ആയിപ്പോവുകയും ചെയ്യുന്ന അവസ്ഥയിലാണ് അദ്ദേഹം. ബിജെപി അജണ്ടയിലാണ് താന്‍ പ്രവർത്തിക്കുന്നതെങ്കില്‍ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടതുണ്ടോ എന്നും പ്രശാന്ത് ചോദിച്ചു.
ഗാന്ധി ജയന്തി ദിനത്തില്‍ 3,500 കിലോമീറ്റര്‍ ദൂരമുള്ള ജന്‍സൂരജ് പദയാത്രയാണ് പ്രശാന്ത് കിഷോര്‍ ആരംഭിച്ചത്. 1917ല്‍ ഗാന്ധി ആദ്യ സത്യഗ്രഹത്തിന് തുടക്കമിട്ട വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ നിന്നാണ് പദയാത്രയുടെ തുടക്കം. ബിഹാറിലെ 38 ജില്ലകളും ചെന്നെത്തുന്ന യാത്ര ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുക ശേഷം രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുക എന്നിവയാണ് പ്രശാന്ത് കിഷോറിന്‍റെ ലക്ഷ്യം.