പനാജി :ഗോവയില്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച് ബിജെപി. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം പാര്‍ട്ടി പുറത്തുവിട്ടത്. നിയമസഭ കക്ഷി യോഗത്തിലാണ് ധാരണ. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി പനാജിയില്‍ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പ്രമോദ് സാവന്ത് നിലവില്‍ കാവല്‍ മുഖ്യമന്ത്രിയാണ്.
പാർട്ടി നേതാവ് വിശ്വജിത് റാണെയാണ് സാവന്തിന്‍റെ പേര് നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിയും ഗോവയിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകനുമായ നരേന്ദ്ര സിംഗ് തോമറുടെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം. ഐകകണ്ഠേനയാണ് തീരുമാനമെന്ന് ബിജെപി അറിയിച്ചു.
യോഗം നിയമസഭ കക്ഷി നേതാവായി സാവന്തിനെ തീരുമാനിക്കുകയായിരുന്നു. ഗോവയിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയാണ് ഭരണത്തില്‍ എത്തുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സാവന്ത് നന്ദി രേഖപ്പെടുത്തി.
Also Read: ഗോവ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന ബി.ജെ.പി യോഗം വൈകിട്ട്
ഗോവയിലെ ജനങ്ങൾ എന്നെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. സാധ്യമായതെല്ലാം ഞാൻ ചെയ്യും. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സങ്കലി മണ്ഡലത്തിൽ നിന്ന് മത്സരിച്ച സാവന്തിന് 12,250 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന്‍റെ ധര്‍മേഷ് സംഗലാനെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു.