പനജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് തവണ എംഎൽഎയായ പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. ബംബോലിമിലെ ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സാവന്തിനും മറ്റ് എട്ട് ബി ജെ പി എംഎല്‍എ മാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലേക്കർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡനവിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൊങ്കണി ഭാഷയിലാണ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്.
2019 മാര്‍ച്ചിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണശേഷം പ്രമോദ് സാവന്ത് ആദ്യമായി മുഖ്യമന്ത്രിയായത്. സാവന്തിനെ കൂടാതെ, വിശ്വജിത് റാണെ, മൗവിൻ ഗോഡിഞ്ഞോ, രവി നായിക്, നിലേഷ് കബ്രാൾ, സുഭാഷ് ശിരോദ്കർ, രോഹൻ ഖൗണ്ടെ, ഗോവിന്ദ് ഗൗഡെ, അറ്റനാസിയോ മൊൺസെറാട്ടെ എന്നിവരും മന്ത്രിമാരായി സത്യപ്രത്ജ്ഞ ചെയ്തു. റാണെ, ഗോഡിഞ്ഞോ, കബ്രാൾ, ഗൗഡ് എന്നിവർ 2019-22 കാലഘട്ടത്തിൽ സാവന്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഭാഗമായിരുന്നപ്പോള്‍ ഖൗണ്ടെ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
നോർത്ത് ഗോവയിലെ സൻഖാലിമിൽ നിന്നുള്ള എംഎൽഎയായ സാവന്ത് ഗോവ ബിജെപി നിയമസഭാ വിഭാഗം തലവനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഫെബ്രുവരി 14 ന് നടന്ന തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ഒരെണ്ണം കുറവായി 20 സീറ്റുകൾ പാർട്ടി നേടിയതിന് ശേഷം മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും രണ്ട് നിയമസഭാംഗങ്ങളും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.