ചണ്ഡീഗഡ്: കർഷകരോടുള്ള കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് പത്മവിഭൂഷൺ തിരിച്ച് നൽകി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനയച്ച കത്തിലാണ് അദ്ദേഹം പദ്‌മവിഭൂഷൺ തിരിച്ച് നൽകുന്നതായി അറിയിച്ചിരിക്കുന്നത്.
കർഷക പ്രതിഷേധം: മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷൺ തിരികെ നൽകി
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കാർഷികമേഖലയെ തകർക്കുന്നതാണെന്നും കർഷകരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നതാണെന്നും ബാദൽ പറഞ്ഞു.
''എന്‍റെ നീണ്ട രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകവും ലജ്ജാകരവുമായ നിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു. എന്തു കൊണ്ടാണ് കർഷകരുടെ വേദന മനസിലാക്കാൻ സർക്കാരിനാകാത്തതെന്നും അദ്ദേഹം ചോദിച്ചു. സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കുന്ന കർഷകരോട് സർക്കാർ ഇങ്ങനെയല്ല പെരുമാറണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു''. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ കാർഷികമേഖലയെ തകർക്കുന്നതാണെന്നും കർഷകരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്നതാണെന്നും ബാദൽ പറഞ്ഞു.
2015ൽ ഒന്നാം മോദി സർക്കാരിന്‍റെ കാലത്താണ് പ്രകാശ് സിംഗ് ബാദലിനെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചത്. രാജ്യത്തെ ഏറ്റവും രണ്ടാമത്തെ സിവിലിയൻ പുരസ്‌കാരമാണ് പദ്‌മവിഭൂഷൺ. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ബാദലിന്‍റെ പാർട്ടിയായ ശിരോമണി അകാലിദൾ നേരത്തെ എൻഡിഎ സഖ്യം വിട്ടിരുന്നു. പഞ്ചാബിൽ നിന്നുള്ള മുൻ കായികതാരങ്ങളും പരിശീലകരും നേരത്തെ കേന്ദ്ര നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. കർഷകരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇവർ തങ്ങൾക്ക് ലഭിച്ച അവാർഡുകളും മെഡലുകളും തിരിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാദലിന്‍റെ തീരുമാനം പുറത്ത് വരുന്നത്.