ഹൈദരാബാദ്: രാജ്യത്തിന്‍റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3നെ(chandrayaan 3) പരിഹസിക്കുന്ന തരത്തില്‍ പങ്കുവച്ച പോസ്‌റ്റ് വിവാദമായതില്‍ വിശദീകരണവുമായി നടന്‍ പ്രകാശ് രാജ് (Prakash raj). താന്‍ പങ്കുവച്ച പോസ്‌റ്റ് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോങിന്‍റെ(Neil Armstrong) കാലത്തുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ ട്വീറ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
'നിലവാരമില്ലാത്ത ട്രോളുകള്‍ പ്രചരിപ്പിക്കുന്ന എല്ലാവരും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഒരു ചായക്കടക്കാരനെ മാത്രമെ അറിയുകയുള്ളൂ. 1960 മുതല്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ പ്രചോദനമായ മലയാളി ചായക്കടക്കാരനെ അഭിമാനപൂര്‍വം പരിചയപ്പെടുത്തുന്നു. നിങ്ങള്‍ക്ക് അറിവ് വേണമെങ്കില്‍ ദയവായി ഇത് വായിക്കുക, #justasking '- നീല്‍ ആംസ്‌ട്രോങ് തമാശയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ബ്ലോഗ് പോസ്‌റ്റിന്‍റെ ലിങ്കും അദ്ദേഹം പങ്കുവച്ചു.
നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലെത്തുമ്പോള്‍ ഒരു മലയാളിയായ ചായക്കടക്കാരന്‍(Malayali Chaiwala) നേരത്തെ തന്നെ അവിടെ സ്ഥാനം ഉറപ്പിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ രുചി വൈവിധ്യങ്ങളെ അന്യഗ്രഹ ജീവികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായിരുന്നു അദ്ദേഹം അവിടെ ചായക്കട ആരംഭിച്ചത് എന്നാണ് കഥയിലെ സാരാംശം. ശീതയുദ്ധത്തിലെ എതിരാളികളെ മറികടക്കാന്‍ അമേരിക്കയെ സഹായിക്കുന്നതിനായി ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ വ്യക്തി എന്ന പദവി തനിക്ക് നല്‍കണമെന്ന് നീല്‍ ആംസ്‌ട്രോങ് അഭ്യര്‍ഥിച്ചപ്പോള്‍ മലയാളി ചായക്കടക്കാരനായ രാജേന്ദ്ര കൃഷ്‌ണന്‍ മേനോന്‍ അത് അംഗീകരിക്കുകയായിരുന്നു.
ശേഷം, നീല്‍ ചായക്കടക്കാരനായ തന്‍റെ പഴയ സുഹൃത്തുമായി വീണ്ടും ഒന്നിക്കാനായി ഒരു രഹസ്യ ദൗത്യത്തില്‍ വീണ്ടും ചന്ദ്രനിലെത്തി. രണ്ടാമതായി എത്തിയപ്പോള്‍ അവിടെ ഒരു സര്‍ദാറിന്‍റെ ധാബ കാണാനായി. മലയാളി ചായക്കടക്കാരന്‍റെ പലഹാരങ്ങള്‍ക്ക് പ്ലൂട്ടോയില്‍ ആവശ്യക്കാരേറെയായതിനാല്‍ അദ്ദേഹം അവിടേയ്‌ക്ക് പോയെന്ന് നീല്‍ ആംസ്‌ട്രോങിനോട് സര്‍ദാര്‍ പറഞ്ഞു.