ഹൈദരാബാദ്:തമിഴ് താരം സിദ്ധാര്‍ഥിനോട് (Siddharth) കന്നഡിഗന്‍സിനു വേണ്ടി മാപ്പ് ചോദിക്കുന്നതായി നടന്‍ പ്രകാശ് രാജ് (Prakash Raj). കാവേരി നദീജല (Kaveri river dispute) തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ബന്ദ് നടക്കവെ റിലീസ് ചെയ്‌ത തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ചിറ്റാ'യുടെ (Chithha) വാര്‍ത്താസമ്മേളനം നടക്കുന്ന വേളയില്‍ ഏതാനും ചില പ്രതിഷേധക്കാര്‍ സിദ്ധാര്‍ഥിനോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ട സംഭവത്തിലാണ് പ്രകാശ് രാജ് മാപ്പ് ചോദിച്ചത്. കലാകാരന്മാരെ അധിക്ഷേപിക്കുന്നതിനെക്കാള്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരികളുടെ നേര്‍ക്കാണ് ശബ്‌ദം ഉയര്‍ത്തേണ്ടതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം എക്‌സില്‍ കുറിച്ചത്. 'പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ചോദ്യം ചെയ്യേണ്ടതിന് പകരം... വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് സമ്മര്‍ദം ചെലുത്താത്ത യാതൊരു ഗുണവുമില്ലാത്ത പാര്‍ലമെന്‍റ് അംഗങ്ങളെ ചോദ്യം ചെയ്യേണ്ടതിന് പകരം...സാധാരണക്കാരനെയും അഭിനേതാക്കളെയും ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഒരു കന്നഡിഗന്‍ എന്ന നിലയില്‍, കന്നഡിഗരുടെ ഭാഗത്ത് നിന്നും സിദ്ധാര്‍ഥ് നിങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്'- അദ്ദേഹം എക്‌സില്‍ കുറിച്ചു.
'ചിറ്റാ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചില പ്രതിഷേധക്കാര്‍ ഹാളില്‍ പ്രവേശിക്കുകയും മുദ്രാവാക്യങ്ങളുയര്‍ത്തി വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തുകയും ചെയ്‌തിരുന്നു. കാവേരി നദീജല തര്‍ക്കം നടക്കുമ്പോള്‍ ചിത്രം പ്രൊമോട്ട് ചെയ്യുവാനുള്ള സമയം അല്ലെന്നും ഉടനടി പുറത്ത് പോകണമെന്നും പ്രതിഷേധക്കാര്‍ താരത്തിനോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക രക്ഷിണ വേദികെ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അംഗങ്ങളായിരുന്നു സിദ്ധാര്‍ഥിന്‍റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.
എസ് യു അരുണ്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രത്തില്‍ സിദ്ധാര്‍ഥും നിമിഷ സജയനുമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മാവന്‍റെയും അനന്തരവളുടെയും ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. സെപ്‌റ്റംബര്‍ 28നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്‌തത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.