ന്യൂഡല്‍ഹി :ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. കേരളത്തിലുണ്ടായത് വലിയ പരിസ്ഥിതി ദുരന്തമാണ്. ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ 2016ൽ വിജ്ഞാപനം ചെയ്‌തിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ കേരള സർക്കാർ ആ നിയമങ്ങൾ പാലിക്കാന്‍ തയ്യാറായില്ലെന്നും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി വിമര്‍ശിച്ചു.
കേരളത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ സമ്പൂർണ കെടുകാര്യസ്ഥതയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികളെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചു. ഖരമാലിന്യ സംസ്‌കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചു. അതിന്‍റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി കേരള ഘടകത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാവ് കൂടിയാണ് ജാവദേക്കർ.
'കേരള സര്‍ക്കാരിന് താത്‌പര്യം മറ്റെന്തോ കാര്യത്തില്‍':ഗോവയും ഇൻഡോറും മാലിന്യം സംസ്‌കരിക്കുന്നതിലും മാലിന്യം പുനരുപയോഗിക്കുന്നതിലും മികച്ച ഉദാഹരണമാണ് മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ, കേരള സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ നോക്കിയില്ല. കാരണം സര്‍ക്കാരിന് താത്‌പര്യം മറ്റെന്തോ കാര്യത്തില്‍ ആയിരുന്നു. ഈ വിഷയത്തില്‍ അഴിമതി മാത്രമാണ് നടന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റേയും മറ്റ് സാമൂഹിക സംഘടനകളുടേയും സംഘം കേരളത്തിലെത്തി പരിശോധന നടത്തിയപ്പോൾ മാലിന്യ സംസ്‌കരണ പ്ലാന്‍റോ, മാലിന്യ ബയോ ഖനന പ്ലാന്‍റോ കണ്ടില്ല.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടായതില്‍ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. സോണ്ടക്ക് വേണ്ടി വഴിവിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പങ്കും പരിശോധിക്കണം. ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണ്ടതുണ്ട്. തീപിടിത്തത്തില്‍ കൊച്ചിയിലെ ജനങ്ങൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി. ഇതിന് ആര് സമാധാനം പറയുമെന്നും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ചോദിച്ചു.
'പരിഹാരം കാണാന്‍ കേരള സര്‍ക്കാരിന് കഴിയുന്നില്ല':എല്ലാ വർഷവും ഇങ്ങനെ തീ പിടിക്കുമെന്നാണ് വിഷയത്തില്‍ അധികൃതര്‍ മുന്നോട്ടുവയ്‌ക്കുന്ന ന്യായീകരണം. ഈ വിഷയത്തില്‍ പരിഹാര മാർഗങ്ങൾ തേടാന്‍ കേരള സര്‍ക്കാരിന് കഴിയുന്നില്ലെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) പിഴയിട്ടത് വലിയ വാര്‍ത്തയായിരുന്നു. പാരിസ്ഥിതിക നഷ്‌ടപരിഹാരം ചൂണ്ടിക്കാട്ടിയാണ് എൻജിടിയുടെ നടപടി. തീപിടിത്തം ഉണ്ടായിട്ടും കൊച്ചി കോര്‍പറേഷന്‍ കൃത്യവിലോപം തുടര്‍ന്നെന്നും തീപിടിത്തത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസില്‍ ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
ALSO READ|ബ്രഹ്മപുരം തീപിടിത്തം : കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ
എംകെ ഗോയൽ അധ്യക്ഷനായ ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ ഈ പിഴ അടയ്‌ക്കണമെന്നും മാര്‍ച്ച് 18ലെ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ, ഉത്തരവിനെ കോർപറേഷന് നിയമപരമായി മേൽക്കോടതികളിൽ ചോദ്യം ചെയ്യാൻ കഴിയും.