ബെംഗളൂരു: ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തിയ ശേഷം ഇന്ത്യയുടെ ലാന്‍ഡര്‍ വിക്രമില്‍ നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ അതിന്‍റെ പ്രയാണം തുടങ്ങി. പ്രഗ്യാന്‍ റോവറിന്‍റെ ആറ് ചക്രങ്ങളില്‍ ഇന്ത്യയുടെ ഔദ്യോഗിക മുദ്രയും ഐഎസ്ആര്‍ഒ യുടെചിഹ്നവും കൊത്തിവെച്ചിട്ടുണ്ട്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലൂടെ പ്രഗ്യാന്‍ റോവര്‍ പതുക്കെ നീങ്ങുമ്പോള്‍ സാരനാഥിലെ അശോക സ്തംഭത്തിന്‍റെ മുദ്രയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ചിഹ്നവും ചന്ദ്രന്‍റെ മണ്ണില്‍ ആഴത്തില്‍ പതിയും. ചന്ദ്രനില്‍ വായു ഇല്ലാത്തതിനാല്‍ത്തന്നെ ഈ മുദ്രകള്‍ ചാന്ദ്ര ഉപരിതലത്തില്‍ മായാതെ കിടക്കും.
പ്രഗ്യാന്‍ റോവറിന്‍റെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആന്‍റിനകളുപയോഗിച്ച് വിക്രം ലാന്‍ഡറുമായി റോവര്‍ സംവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു. സെക്കന്‍ഡില്‍ ഒരു സെന്‍റി മീറ്റര്‍ വേഗതയിലാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ നീങ്ങുന്നത്. ഇന്നലെ (23.08.23) വൈകിട്ട് ആറുമണി കഴിഞ്ഞ് മൂന്ന് മിനിട്ട് പിന്നിട്ടപ്പോള്‍ ചന്ദ്രനിലിറങ്ങിയ ലാന്‍ഡര്‍ വിക്രമില്‍ നിന്ന് വേര്‍പെട്ട റോവര്‍ പ്രഗ്യാന്‍ നാലുമണിക്കൂറിനു ശേഷമാണ് ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയത്.