ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (എൻസിപി) രണ്ട് പുതിയ വർക്കിങ് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. എൻസിപിയുടെ 25-ാം വാർഷികാഘോഷ പരിപാടികൾ ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് ശരദ് പവാറിന്‍റെ പ്രഖ്യാപനം. 1999ലാണ് കോൺഗ്രസ് വിട്ടിറങ്ങിയ ശരദ് പവാറും പിഎ സാഗ്‌മയും ചേർന്ന് എൻസിപി രൂപീകരിച്ചത്.
പുതിയ അധികാര കേന്ദ്രങ്ങൾ:സുപ്രിയ സുലെ ശരദ് പവാറിന്‍റെ മകളും പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭ എംപിയുമാണ്. എൻസിപിയുടെ വനിത യുവജന വിഭാഗത്തിന്‍റെ ചുമതലയുടെ സുപ്രിയ സുലെയ്ക്കാണ്. പ്രഫുല്‍ പട്ടേല്‍ നിലവില്‍ എൻസിപി ദേശീയ വൈസ് പ്രസിഡന്‍റും രാജ്യസഭ എംപിയുമാണ്. മുൻ കേന്ദ്ര വ്യോമയാന മന്ത്രിയും ഫിഫ കൗൺസില്‍ അംഗവുമാണ്. അതേസമയം എൻസിപി വർക്കിങ് പ്രസിഡന്‍റായി നിയമിച്ചതില്‍ നന്ദി അറിയിച്ചുകൊണ്ട് സുപ്രിയ സുലെ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നില്‍ കണ്ടാണ് ഇരുവർക്കും സുപ്രധാന ചുമതലകൾ നല്‍കിയതെന്നാണ് പുതിയ ഭാരവാഹി നിയമനത്തെ കുറിച്ച് എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്ബല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരു നേതാക്കളും വർഷങ്ങളായി ശരദ് പവാറുമായി അടുത്ത ബന്ധം പുലർത്തുന്നവരും പാർട്ടിയുടെ ദേശീയ നേതാക്കളുമാണെന്നാണ് പുതിയ വർക്കിങ് പ്രസിഡന്‍റ് നിയമനത്തെ കുറിച്ച് എൻസിപി നേതാവ് ജിതേന്ദ്ര അവ്‌ഹാദ് പറഞ്ഞത്.