പ്രേക്ഷകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന പ്രഭാസ് (Prabhas) ചിത്രമാണ് 'കൽക്കി 2898 എഡി' (Kalki 2898 AD). അടുത്തിടെ 'കല്‍ക്കി'യുടെ സെറ്റില്‍ നിന്നുള്ള പ്രഭാസിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നിരുന്നു. ഇതിന് പിന്നാലെ സിനിമയുടെ പകര്‍പ്പവകാശ സംരക്ഷണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് പ്രസ്‌താവന നിര്‍മാതാക്കളായ വൈജയന്തി മുവീസ് പുറത്തിറക്കി. (Vyjayanthi Movies).
സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളോ ഗാനങ്ങളോ ഫൂട്ടേജുകളോ പങ്കിടുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള പ്രസ്‌താവനയാണ് നിർമാതാക്കൾ പുറത്തുവിട്ടത്. 'കല്‍ക്കി 2898 എഡിയിലെ സംഗീതം, ഫൂട്ടേജ്, ചിത്രങ്ങള്‍, സിനിമയിലെ രംഗങ്ങള്‍, അനുബന്ധ സാമഗ്രികള്‍ ഉള്‍പ്പടെ മുഴുവന്‍ കാര്യങ്ങളും പകര്‍പ്പവകാശവും വൈജയന്തി മുവീസിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' -ഇപ്രകാരമായിരുന്നു നിര്‍മാതാക്കളുടെ മുന്നറിയിപ്പ് (Prabhas Starrer Kalki 2898 AD makerspublic warning) .
1957ലെ പകർപ്പവകാശ നിയമപ്രകാരവും മറ്റ് അനുബന്ധ നിയമങ്ങളും പ്രകാരം, സോഷ്യല്‍ മീഡിയ ഉള്‍പ്പടെ ഏതെങ്കിലും ചാനലിലൂടെയോ മറ്റുമോ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ ഫൂട്ടേജുകളോ മറ്റ് സാമഗ്രികളോ ഉൾപ്പടെ സിനിമയുമായി ബന്ധപ്പെട്ട ഉള്ളടക്കം പങ്കിടുന്നത് നിയമവിരുദ്ധമാണെന്നും നിര്‍മാതാക്കള്‍ പ്രസ്‌താവയില്‍ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളോ വാർത്തകളോ മെറ്റീരിയലുകളോ വിതരണം ചെയ്യുന്നതോ ചോർത്തുന്നതോ കണ്ടെത്തിയാൽ സൈബർ പോലീസിന്‍റെ സഹായത്തോടെ കേസെടുക്കുമെന്നും പ്രസ്‌താവനയില്‍ പറയുന്നുണ്ട്.
ഒരു പുരാണ സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് സംവിധായകന്‍ നാഗ് അശ്വിന്‍ 'കല്‍ക്കി 2898 എഡി' ഒരുക്കിയിരിക്കുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായി എത്തുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, പശുപതി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.