തെലുഗു സൂപ്പര്‍താരം പ്രഭാസ് നായകനായ 'ആദിപുരുഷി'ന്‍റെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ജൂൺ 16നാണ് ചിത്രം റിലീസ് ചെയ്യുക. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. റിലീസിന് ഇനി 13 ദിവസം മാത്രം ബാക്കി നിൽക്കെ ജൂൺ ആറിന് മെഗാ ഇവന്‍റിന് ഒരുങ്ങുകയാണ് 'ആദിപുരുഷ്' ടീം.
ജൂൺ ആറിന് തിരുപ്പതിയിൽ നടക്കുന്ന മെഗാ ഇവന്‍റിൽ, സിനിമയുടെ പുതിയ ആക്ഷന്‍ പാക്ക്‌ഡ് ട്രെയിലർ, റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്, കൃതി സനോൻ, ഭൂഷൺ കുമാർ, ഓം റൗട്ട് എന്നിവര്‍ ഉള്‍പ്പെടുന്ന 'ആദിപുരുഷ്' ടീം.
ജൂൺ ആറിന് തിരുപ്പതിയിൽ നടക്കുന്ന മഹത്തായ ചടങ്ങിൽ ആരാധകർക്കും മാധ്യമങ്ങൾക്കും മുന്നിൽ രണ്ട് മിനിറ്റ് 27 സെക്കൻഡ് ദൈര്‍ഘ്യമുള്ള 'ആദിപുരുഷി'ന്‍റെ രണ്ടാമത്തെ ട്രെയിലര്‍ 'ആദിപുരുഷ്' ടീം പുറത്തിറക്കും. സിനിമയുടെ ആദ്യ ട്രെയിലർ ശ്രീരാമനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍, രണ്ടാമത്തെ ട്രെയിലർ മികച്ച ആക്ഷന്‍ പാക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. രാമനും രാവണനും തമ്മിലുള്ള ഇതിഹാസ സംഘടനമായിരിക്കും ട്രെയിലറിന്‍റെ ഹൈലൈറ്റ്.
'ആദിപുരുഷ്' ആക്ഷൻ ട്രെയിലര്‍ റിലീസിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം സിനിമയുടെ ടിക്കറ്റുകള്‍ എങ്ങനെ മുൻകൂട്ടി റിസർവ് ചെയ്യാം എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ടീം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം 'ആദിപുരുഷ്' വേള്‍ഡ് പ്രീമിയറിനും ഒരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുന്നോടിയായി ചിത്രം 2023ലെ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും. ജൂണ്‍ ഏഴ് മുതല്‍ 18 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' എന്ന വിഭാഗത്തിലാണ് 'ആദിപുരുഷ്' പ്രദര്‍ശിപ്പിക്കുക. ട്രൈബെക്ക ചലച്ചിത്ര മേളയില്‍ ത്രീ ഡീ ഫോര്‍മാറ്റില്‍ ജൂണ്‍ 13നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.