വെസ്റ്റ് ഗോദാവരി (ആന്ധ്രാപ്രദേശ്): പ്രഭാസിന്‍റെ സിനിമയുടെ പ്രദർശനത്തിനിടെ ആവേശം കൂടിയ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തിയേറ്ററിന് തീപിടിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെം നഗരത്തിലുള്ള വെങ്കട്ട്‌രമണ തിയേറ്ററിലാണ് തീപിടിത്തമുണ്ടായത്. പ്രഭാസിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ബില്ല എന്ന ചിത്രം റീ-റിലീസ് ചെയ്‌തപ്പോഴായിരുന്നു സംഭവം.
പ്രഭാസിന്‍റെ ബില്ല പ്രദർശനത്തിനിടെ തിയേറ്ററിൽ തീപിടിത്തം സിനിമ പ്രദർശനത്തിനിടെ ആരാധകർ തിയേറ്ററിൽ പടക്കം പൊട്ടിച്ചു. പടക്കത്തിൽ നിന്നുള്ള തീപ്പൊരികൾ സീറ്റുകളിലേക്ക് തെറിച്ച് വീഴുകയും തീപിടിത്തമുണ്ടാകുകയുമായിരുന്നു. ഉടൻ തന്നെ തിയേറ്ററിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. തുടർന്ന് തിയേറ്റർ ജീവനക്കാരും സിനിമ കാണാനെത്തിയവരിൽ ചിലരും ചേർന്ന് തീയണച്ചു.
2009ൽ റിലീസ് ചെയ്‌ത ചിത്രം പ്രഭാസിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്‌തത്. അനുഷ്‌ക ഷെട്ടിയായിരുന്നു ചിത്രത്തിലെ നായിക. അടുത്തിടെ അന്തരിച്ച പ്രഭാസിന്‍റെ അമ്മാവനും മുതിർന്ന നടനുമായ കൃഷ്‌ണം രാജുവും ചിത്രത്തിൽ പ്രധാനവേഷം ചെയ്‌തിരുന്നു.
താരത്തിന്‍റെ ജന്മദിനം ആരാധകർ ആഘോഷമാക്കുകയാണെങ്കിലും അമ്മാവന്‍റെ മരണത്തെ തുടർന്ന് ഈ വർഷം ജന്മദിനം ആഘോഷിക്കേണ്ടെന്നാണ് പ്രഭാസിന്‍റെ തീരുമാനം. ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളായ പ്രോജക്‌ട് കെയുടെയും ആദിപുരുഷിന്‍റെയും നിർമാതാക്കൾ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.
Also Read: പ്രഭാസിന് പ്രോജക്‌ട് കെയുടെ പിറന്നാള്‍ സര്‍പ്രൈസ്