പ്രഭാസ് ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ആവേശപൂര്‍വം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ആദിപുരുഷി'ന്‍റെ പുതിയൊരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് പ്രഭാസ്.
'ആദിപുരുഷി'ലെ രണ്ടാമത്തെ ഗാനം മെയ് 29ന് റിലീസ് ചെയ്യും. ചിത്രത്തിലെ 'റാം സിയ റാം' എന്ന ഗാനം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഗാനം റിലീസിനെത്തുക.
സച്ചേത്- പരമ്പാറ കൂട്ടുകെട്ടിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഈ സംഗീത ജോഡികളാണ് ഗാനാലാപനവും സംഗീതവും. 'റാം സിയ റാം' ഗാനം റിലീസ് ഒരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍.
ഇതിന്‍റെ ഭാഗമായി സിനിമകൾ, മ്യൂസിക് ചാനലുകൾ മുതൽ റേഡിയോ സ്‌റ്റേഷനുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വരെ, സജ്ജമാക്കിയിരിക്കുകയാണ്. മെയ് 29ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഗാനം റിലീസ് ചെയ്യും.
അടുത്തിടെയാണ് ചിത്രത്തിലെ ആദ്യ ഗാനമായ 'ജയ് ശ്രീറാം' പുറത്തിറങ്ങിയത്. ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ജയ് ശ്രീറാം ഗാനം റിലീസോടു കൂടി ചിത്രത്തിന് കൂടുതല്‍ ആരാധക വൃന്ദത്തെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞു.
ഭഗവാന്‍ രാമനായാണ് ചിത്രത്തില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുക. ജാനകിയായി കൃതി സനോണും വേഷമിടും. അതേസമയം ലങ്കേഷ് എന്ന കഥാപാത്രത്തെ സെയ്‌ഫ് അലി ഖാനും അവതരിപ്പിക്കും.
തന്‍റെ ഭാര്യയെ 10 തലകളുള്ള അസുരന്‍റെ അധീശത്വത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെടുന്ന രാജകുമാരന്‍റെ കഥയാണ് 'ആദിപുരുഷ്' പറയുന്നത്. പ്രഭാസ്, കൃതി സനോൺ എന്നിവരെ കൂടാതെ സെയ്‌ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും.
ഓം റൗട്ട് ആണ് സിനിമയുടെ സംവിധാനം. ജൂണ്‍ 16നാണ് ചിത്രം റിലീസിനെത്തുക. ഓം റൗട്ടും മനോജ് മുൻതാഷിർ ശുക്ലയും ചേർന്ന് എഴുതിയ സിനിമയുടെ ദൈര്‍ഘ്യം 174 മിനിറ്റാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്.
നേരത്തെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീസറിന് വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് ലഭിച്ചതെങ്കില്‍ ലിറിക്കല്‍ മോഷന്‍ പോസ്‌റ്ററിന് പ്രശംസകളും അഭിനന്ദനപ്രവാഹവുമായിരുന്നു. ഇത് ആരാധകരില്‍ സിനിമയോടുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ടീസര്‍ റിലീസോടെ 'ആദിപുരുഷി'നെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങളും ഉയര്‍ന്നിരുന്നു. 'ആദിപുരുഷ്' ടീസറില്‍ ഹിന്ദു ദേവതകളെ അപാകതകളോടെ ചിത്രീകരിച്ചതും വിഷ്വൽ ഇഫക്റ്റുകളുടെ നിലവാരം കുറഞ്ഞതുമാണ് വിവാദത്തിന് കാരണമായത്. ടീസറില്‍ താടിയും മുഖവും വെട്ടിച്ച് കളിക്കുന്ന, സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിച്ച രാക്ഷസ രാജാവ് എന്ന കഥാപാത്രത്തിനെതിരെയും ട്രോളുകളും ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ 'ജയ് ശ്രീ റാം' ലിറിക്കല്‍ മോഷന്‍ പോസ്‌റ്റര്‍ റിലീസോടെ സിനിമയ്‌ക്കെതിരെയുള്ള നെഗറ്റീവ് ഇമേജുകള്‍ മാറിയിരുന്നു.
അതേസമയം 'ആദിപുരുഷ്' വേള്‍ഡ് പ്രീമിയറിനും ഒരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുമ്പായി ചിത്രം 2023ലെ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രം ജൂണ്‍ ഏഴ് മുതല്‍ 18 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ജൂൺ 16 ന് റിലീസിനെത്തുന്ന ചിത്രം ജൂണ്‍ 13നാണ് ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ത്രീ ഡീ ഫോര്‍മാറ്റിലാകും മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക.
Also Read:'ചാര്‍ധാം സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ ജയ് ശ്രീറാം ജപിക്കുക' ; ലിറിക്കല്‍ മോഷന്‍ പോസ്‌റ്ററുമായി പ്രഭാസ്