ഉത്തർപ്രദേശ് : രാജ്യത്ത് വികസിപ്പിച്ച ആദ്യ ദീർഘദൂര റിവോൾവർ 'പ്രബൽ' (Prabal) പുറത്തിറങ്ങി. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്‍റ് ഇന്ത്യ (AWEIL) യാണ് റിവോൾവർ നിർമിച്ചത്. 50 മീറ്റർ വരെയാണ് പ്രബലിന്‍റെ ഫയറിംഗ് റേഞ്ച്.
വിപണിയിൽ ലഭ്യമായ മറ്റ് റിവോൾവറുകളേക്കാൾ രണ്ടിരട്ടിയാണിത്. 76 എംഎം ബാരൽ നീളമുള്ള തോക്കിന് വെടിയുണ്ടകൾ ഇല്ലാതെ 675 ഗ്രാം ഭാരമുണ്ട്. 177.6 മില്ലി മീറ്ററാണ് റിവോൾവറിന്‍റെ മൊത്തത്തിലുള്ള നീളം. സൈഡ് സ്വിംഗ് സിലിണ്ടർ ഘടിപ്പിച്ചിട്ടുള്ള ആദ്യത്തെ റിവോൾവർ കൂടിയായ പ്രബൽ ഉപയോഗിച്ച് ഒരേസമയം ആറ് റൗണ്ട് വരെ വെടിവയ്‌ക്കാൻ കഴിയും.
പ്രബലിന്‍റെ വില 1.40 ലക്ഷം :സാധാരണക്കാർക്കും സ്വന്തമാക്കാൻ കഴിയുന്ന റിവോൾവറിന് ജിഎസ്‌ടി അടക്കം 1,40,800 രൂപയാണ് വില. അതേസമയം ഡീലർമാർക്ക് 28 ശതമാനം ജിഎസ്‌ടിയോടെ 1,26,720 രൂപയ്ക്കാണ് നൽകുന്നത്. കാൺപൂരിലെ ആയുധ ഫാക്‌ടറി ജനറല്‍ മാനേജര്‍ രാജീവ് ശർമ്മയാണ് റിവോൾവറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
സൈഡ് സ്വിംഗ് (side swing) ഉള്ള റിവോൾവറിന്‍റെ ആവശ്യം നിലവിൽ ഉണ്ടെന്നും ഇത് കണക്കിലെടുത്താണ് പ്രബൽ നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭാരം കുറവായതിനാൽ പ്രബൽ അനായാസം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ആദ്യം ഓർഡര്‍ ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് നിലവിൽ റിവോൾവർ വിതരണം ചെയ്യുന്നത്.