ബുലന്ദ്ഷഹർ (ഉത്തര്‍പ്രദേശ്) : ശക്തമായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ബുലന്ദ്ഷഹർ നഗരത്തിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഇതേത്തുടര്‍ന്ന് മരിച്ചവര്‍ അവശിഷ്‌ടങ്ങള്‍ക്കിടയിലുമായി. മാത്രമല്ല സ്‌ഫോടനത്തിന്‍റെ ശബ്‌ദം രണ്ട് കിലോമീറ്റര്‍ അകലെ വരെ കേള്‍ക്കാമായിരുന്നു. അപകട സ്ഥലത്ത് നിന്നുയര്‍ന്ന കനത്ത പുക കണ്ടാണ് ആളുകള്‍ ഓടിയടുത്തത്. അതേസമയം ജനവാസ മേഖലയില്‍ നിന്ന് മാറി പാടത്തിന്‍റെ നടുവിലായി സ്ഥിതി ചെയ്‌തിരുന്ന വീട്ടില്‍ സ്‌ഫോടനമുണ്ടായത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്‌ഫോടന വിവരമറിഞ്ഞ് പൊലീസും ഫയര്‍ ആന്‍റ് റസ്‌ക്യൂ വിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പൊലീസ് ഹെൽപ്പ് ലൈൻ നമ്പറായ 112 ൽ സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് തങ്ങളും അഗ്നിശമന സേനയും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല എന്ന് ബുലന്ദ്ഷഹർ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) ശ്ലോക് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്‌ഫോടനത്തിന്‍റെ ആഘാതത്തില്‍ മൃതദേഹങ്ങളുടെ കൈകാലുകള്‍ ചിതറിയ നിലയിലായിരുന്നു. കൂടാതെ ഇവിടെ വലിയ പ്ലാസ്‌റ്റിക് ഡ്രമ്മുകള്‍ തകര്‍ന്നുള്ള അവശിഷ്‌ടങ്ങളും നിറഞ്ഞിരുന്നു.
പടക്കനിര്‍മാണശാലയിലും സ്‌ഫോടനം :കഴിഞ്ഞദിവസം തമിഴ്‌നാട് കാഞ്ചീപുരത്തെ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പതുപേര്‍ മരിച്ചിരുന്നു. മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ മരിച്ച അപകടത്തില്‍ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരിക്കാ കണ്ടിപുരത്തോട് ചേർന്ന കുരുവിമല വള്ളത്തോട്ടം ഭാഗത്ത് നരേന്ദ്രൻ ഫയർ വർക്‌സ് എന്ന പടക്ക നിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.