ലക്‌നൗ: രാജ്യാന്തര വേദികളിൽ മെഡലുകള്‍ സ്വന്തമാക്കി രാജ്യത്തിന്‍റെ പേര് വാനോളം ഉയര്‍ത്തുന്ന കായികതാരങ്ങള്‍ക്ക് അവരുടെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സര്‍ക്കാര്‍ ജോലി വാഗ്‌ദാനം ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും വാഗ്ദാനം വാഗ്ദാനമായി തന്നെ അവശേഷിയ്ക്കാറാണ് പതിവ്. അതിന്‍റെ നേര്‍ സാക്ഷ്യമാണ് ഉത്തര്‍പ്രദേശിലെ ലോക കരാട്ടെ ചാമ്പ്യനായിരുന്ന ഹരിയോം ശുക്ലയുടെ ജീവിതം. 2013 ൽ തായ്‌ലൻഡിൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ നേടിയ ശുക്ല ഇന്ന് ഉപജീവനത്തിനായി ചായ വില്‍ക്കുകയാണ്.
60 മെഡലുകള്‍ സ്വന്തം പേരിലെഴുതി
മഥുര ഇസാപൂർ സ്വദേശിയായ ഹരിയോം ശുക്ല 2008 ൽ കാഠ്മണ്ഡുവിൽ ആദ്യ സ്വർണം നേടിയതോടെയാണ് ശ്രദ്ധേയനാകുന്നത്. തുടർന്ന് 2013 ൽ തായ്‌ലൻഡിൽ വച്ച് നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വർണ്ണവും ഒരു വെള്ളിയും നേടി. 2015 ൽ അമേരിക്കയില്‍ വച്ച് വെള്ളിയും ശ്രീലങ്കയില്‍ വച്ച് ആദ്യ സീനിയർ സ്വർണവും ശുക്ല സ്വന്തമാക്കി. സ്വർണം, വെള്ളി, വെങ്കലം എന്നിവയടക്കം 60 ഓളം മെഡലുകളാണ് ഈ കായികതാരം ഇതുവരെ നേടിയത്.