ബദൗണ്‍ (ഉത്തർപ്രദേശ്) :ബദൗണിൽ എലിയെ കൊന്നെന്ന കേസിൽ വഴിത്തിരിവ്. എലി മലിന ജലത്തിൽ മുങ്ങിച്ചത്തതല്ലെന്നും ശ്വാസം മുട്ടിയാണ് കൊല്ലപ്പെട്ടതെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. ശ്വാസകോശത്തിൽ മലിനജലം കണ്ടെത്താനായിട്ടില്ലെന്നും എലിയുടെ ശ്വാസകോശവും കരളും നേരത്തെ തന്നെ തകരാറിലായിരുന്നുവെന്നും ബറേലിയിലെ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം അധികൃതര്‍ പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്‌തമാക്കുന്നു.
എലിയുടെ ശ്വാസകോശം വല്ലാതെ വീർത്തിരുന്നതായി ഐവിആർഐ ജോയിന്‍റ് ഡയറക്‌ടർ ഡോ.കെ.പി സിംഗ് പറഞ്ഞു. നവംബർ 25നാണ് എലിയുടെ ജഡം ഐവിആർഐയിൽ എത്തിച്ചത്. ഹിസ്റ്റോപാത്തോളജിയിലും മൈക്രോസ്കോപ്പി പരിശോധനയിലും എലിയുടെ ശ്വാസകോശത്തിൽ വെള്ളത്തിന്‍റെയോ അഴുക്കിന്‍റെയോ അംശം കണ്ടെത്താനായില്ല.
കൊല്ലപ്പെട്ട എലിയുടെ കരളിൽ മറ്റൊരു അണുബാധ കണ്ടെത്തിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിലെ പൻവാഡിയയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എലിയെ അഴുക്കുചാലിൽ എറിഞ്ഞ് കൊന്നെന്ന പരാതിയില്‍ മനോജ് കുമാർ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.