ന്യൂഡല്‍ഹി : ഒരുകാലത്ത് ആശയ കൈമാറ്റത്തിനായി ഏവരും ആശ്രയിച്ചിരുന്ന മാധ്യമമായിരുന്നു കത്തെഴുത്ത്. പ്രിയപ്പെട്ടവര്‍ക്കുള്ള സ്നേഹാന്വേഷണങ്ങള്‍ മുതല്‍ ജോലിക്കുള്ള അപ്പോയ്‌മെന്‍റ് ലെറ്ററുകള്‍ വരെ കുമിഞ്ഞ് കൂടിയിരുന്ന നാട്ടിലെ തപാലാപീസുകള്‍. കത്തും മണിയോഡറുകളുമായി എത്തുന്ന പോസ്റ്റ്‌മാനെ കാത്തിരിക്കുന്ന കാഴ്‌ചകളൊക്കെ മങ്ങിയിട്ട് നാളേറെയായി.
ആളുകള്‍ കൂടുന്ന പ്രധാന ഇടങ്ങളില്‍ ചുവന്ന നിറം പൂശി തലയെടുപ്പോടെ നിന്നിരുന്ന കത്തുപെട്ടിയും പുതുതലമുറക്ക് ചിലപ്പോള്‍ ഒരു വിന്‍റേജ് ചിത്രം മാത്രമായിരിക്കും. എന്നാല്‍ ചരിത്രം ഒന്ന് പിന്നോട്ടോടിച്ചാല്‍ തപാല്‍ ഓഫിസ് എന്നത്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം എന്നതിനപ്പുറം വികാരമായി കണ്ടിരുന്ന ഒരു തലമുറയെ തന്നെ കാണാനാകും.
പോസ്റ്റ് ഓഫിസുകളുടെ കെട്ടുപോയ പ്രതാപം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പല ചര്‍ച്ചകള്‍ നടത്തുമ്പോഴും ഒടുവില്‍ 'പോസ്റ്റ് ഓഫിസ് ബില്‍ 2023' (Post Office Bill 2023 Passed in Rajya Sabha) രാജ്യസഭ പാസാക്കുമ്പോഴും മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന തപാല്‍ സമ്പ്രദായത്തിന്‍റെ പുനര്‍ജന്മം തന്നെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതും ഇതിനു തന്നെയാണ്, പോസ്റ്റ് ഓഫിസിനെ പഴയതിലും ശക്തമാക്കി തിരിച്ചെത്തിക്കാന്‍.
രാജ്യസഭയില്‍ കമ്മ്യൂണിക്കേഷന്‍സ്, ഇലക്‌ട്രേണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്‌ണവ്, തപാല്‍ സംവിധാനത്തിന്‍റെ ഉന്നമനത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തുകയുണ്ടായി. തപാല്‍ ഓഫിസുകളുടെ സേവനങ്ങള്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ പോസ്റ്റ് ഓഫിസുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി എന്നാതായിരുന്നു മന്ത്രി അശ്വിനി വൈഷ്‌ണവ് ആദ്യമായി പറഞ്ഞത് (Post Office Bill Modi government).
'കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ തപാല്‍ ഓഫിസുകളും പോസ്റ്റ്‌മാന്‍മാരും കേവലം തപാല്‍ വിതരണ സംവിധാനം എന്ന നിലയില്‍ നിന്ന് മാറി. അതൊരു സേവന-വിതരണ സ്ഥാപനമായി രൂപാന്തരപ്പെട്ടു. പോസ്റ്റ് ഓഫിസുകള്‍ പ്രായോഗികമായി ബാങ്കുകളായി മാറി.
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 660 പോസ്റ്റ് ഓഫിസുകളാണ് അടച്ച് പൂട്ടിയത്. എന്നാല്‍ 2014 നിന്ന് 2023 ആയപ്പോഴേക്ക് ഏകദേശം 5000 പഴയ പോസ്റ്റ് ഓഫിസുകള്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും പുതിയ 5,746 എണ്ണം തുറക്കുകയും ചെയ്‌തു.
രാജ്യത്തെ 1.6 ലക്ഷം പോസ്റ്റ് ഓഫിസുകളെ കോര്‍ ബാങ്കിങ്, ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങളുമായി ബന്ധിപ്പിച്ചു. 434 പോസ്റ്റ് ഓഫിസുകളാണ് 1.25 കോടി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്‌തത്. ഇതിന് പുറമെ 13,000 'പോസ്റ്റ് ഓഫിസ് ആധാര്‍ സേവ കേന്ദ്രം' തുറന്ന് നല്‍കിയിട്ടുമുണ്ട്.
തപാല്‍ സംവിധാനത്തെ ബാങ്കിങ് സംവിധാനമായി മാറ്റുന്നതിന് പ്രധാന മാധ്യമമായി വര്‍ത്തിച്ച ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്ക് സ്‌ത്രീകള്‍ക്കായി 3.5 കോടി അക്കൗണ്ടുകള്‍ തുറന്നു. പോസ്റ്റ് സംവിധാനത്തിലെ ചെലവ് സാധാരണക്കാര്‍ക്ക് പോലും താങ്ങാനാകുന്നതാണ്. മെയില്‍ സംവിധാനത്തിനപ്പുറം വൈവിധ്യമാണ് പോസ്റ്റ് ഓഫിസ് സേവനങ്ങള്‍. അതിനാല്‍ 1898ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പോസ്റ്റ് ഓഫിസ് നിയമത്തില്‍ ഒരു മാറ്റം വരുത്തേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്' -കേന്ദ്ര മന്ത്രി പറഞ്ഞതിങ്ങനെ.
രാജ്യത്തെ പോസ്റ്റ് ഓഫിസുകള്‍ സ്വകാര്യ വത്‌കരിക്കാനാകില്ലെന്ന് മന്ത്രി ഇടയ്‌ക്ക് വ്യക്തമാക്കിയിരുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ പലതും സ്വകാര്യ വ്യക്തികളില്‍ അഭയം പ്രാപിക്കുമ്പോള്‍ തപാല്‍ ഓഫിസിന് എങ്കിലും ശാപമോക്ഷം ലഭിക്കും എന്നുവേണം കരുതാന്‍. വിശദമായ ചര്‍ച്ചകള്‍ക്കും നീണ്ട സംവാദങ്ങള്‍ക്കും ഒടുവിലാണ് രാജ്യസഭ 'പോസ്റ്റ് ഓഫിസ് ബില്‍ 2023' പാസാക്കിയത്. പോസ്റ്റ് ഓഫിസുകള്‍ പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തുമെന്ന് തന്നെയാണ് സൂചന. പൊടി തട്ടിയെടുത്ത കത്തുപെട്ടികള്‍ കവലകളില്‍ നിലയുറപ്പിക്കുമെന്നും പ്രതീക്ഷിക്കാം.