സമസ്‌തിപൂർ (ബിഹാർ) :മകന്‍റെ മൃതദേഹം വിട്ട് നൽകാൻ രക്ഷിതാക്കളോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാരന്‍. ബിഹാറിലെ സമസ്‌തിപൂർ സദർ ആശുപത്രിയിലെ ജീവനക്കാരനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ പണം നൽകാനായി ഭിക്ഷ യാചിക്കുന്ന രക്ഷിതാക്കളുടെ വീഡിയോ പുറത്തുവന്നു.
താജ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഹാർ ഗ്രാമത്തിലാണ് സംഭവം. മഹേഷ് താക്കൂറിന്‍റെ മകനായ സഞ്ജീവ് താക്കൂറിനെ(25) മെയ് 25-ാം തീയതി കാണാതാവുകയായിരുന്നു. ജൂൺ 7ന് മുസ്രിഘരാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതനുസരിച്ച് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തി.
മകന്‍റെ മൃതദേഹം വിട്ട് നൽകാൻ ആശുപത്രി ജീവനക്കാരൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണം;പണത്തിനായി ഭിക്ഷ യാചിച്ച് രക്ഷിതാക്കൾ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം സമസ്‌തിപൂർ സദർ ഹോസ്‌പിറ്റലിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ സദർ ആശുപത്രിയിലെത്തി. എന്നാൽ മൃതദേഹം കാണിക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. പിന്നീട് രക്ഷിതാക്കൾ ഏറെനേരം അപേക്ഷിച്ച ശേഷമാണ് മൃതദേഹം കാണാനായതും മകനാണ് സ്ഥിരീകരിക്കുന്നതും.
തുടർന്ന് മൃതദേഹം വിട്ടുനൽകാൻ അപേക്ഷിച്ചപ്പോള്‍ മഹേഷ് താക്കൂറിനോട് ജീവനക്കാരൻ 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്നും മൃതദേഹം വിട്ടുനൽകണമെന്നും പിതാവ് അഭ്യര്‍ഥിച്ചെങ്കിലും ആശുപത്രി ജീവനക്കാരൻ തയ്യാറായില്ല. പിന്നീട്, ഇയാൾ ആവശ്യപ്പെട്ട തുക നൽകാനായി രക്ഷിതാക്കൾ യാചിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
സംഭവത്തിൽ സദർ ആശുപത്രിയിലെ സിവിൽ സർജൻ ഡോ.എസ്.കെ.ചൗധരി പ്രതികരണവുമായി രംഗത്തെത്തി. കുറ്റാരോപിതരായ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരിക്കാമെന്നും എന്നാൽ ഇത്രയും വലിയ തുക ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ലജ്ജാകരമായ സംഭവമാണ്. അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, പൊലീസ് മുഖേനയാണ് മൃതദേഹം വിട്ടുനൽകിയതെന്നും 50,000 രൂപ തന്നാലും പൊലീസില്ലാതെ മൃതദേഹം കൈമാറില്ലെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞിരുന്നതായും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് സമസ്‌തിപൂർ പൊലീസ് ഇൻചാർജ് ഡിഎം വിനയ് കുമാർ പറഞ്ഞു.